വിതുര: ഓണവിപണി ലക്ഷ്യമിട്ട് മലയോര മേഖലയിൽ വ്യാജചാരായം വാറ്റ് സജീവം. വിതുര,​ തൊളിക്കോട്,​ ആര്യനാട് പഞ്ചായത്തുകളിലെ വനമേഖലകളിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റ് നടക്കുന്നത്. പൊലീസിനോ,​ എക്സൈസിനോ അത്രപെട്ടന്ന് എത്തിപ്പെടാൻ കഴിയാത്ത വനത്തിന്റെ നിബിഡമായ ഉൾഭാഗങ്ങളിലാണ് വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭാഗങ്ങളിൽ ഇടയ്ക്ക് റെയ്ഡ് നടക്കാറുണ്ടെങ്കിലും വാറ്റുകാരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ സാധുക്കളായ ആദിവാസികളെ ചൂഷണം ചെയ്താണ് മിക്കമേഖലയിലും വാറ്റ് നടക്കുന്നത്. വാറ്റിയെടുക്കുന്ന ചാരായം വിറ്റഴിക്കാനും ഇവർ ആദിവാസികളെ ഉപയോഗിക്കാറുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞ് കിടന്നപ്പോൾത്തന്നെ ഈ മേഖലയിൽ വ്യാജവാറ്റ് ശക്തിപ്പെട്ടിരുന്നു. വീടുകൾ കേന്ദ്രീകരിച്ചും വൻതോതിൽ ഈ മേഖലയിൽ വ്യാജവാറ്റ് നടന്നിരുന്നു. അന്ന് സ്ത്രീകൾ ഉൾപ്പടെ നിരവധിപേരെ പൊലീസും എക്സൈസും വനപാലകരും ചേർന്ന് പിടികൂടിയിരുന്നു. ഓണവിപണി കണക്കാക്കി ചില പ്രദേശങ്ങളിലെ വീടുകളിൽ വ്യാജവാറ്റ് നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വാറ്റ് ചാരായം കുപ്പികളിലും പ്ലാസ്റ്റിക്ക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഓണക്കാലത്ത് നാടൻ ചാരായത്തിന് 1500 മുതൽ 2000 രൂപ വരെ ഈടാക്കാറുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പൊന്മുടി,​ കല്ലാർ മേഖലയിൽ വ്യാജചാരായം വാറ്റുന്ന സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. നാടൻ ചാരായത്തിൽ നിറം ചേർത്ത് മദ്യശാലകളിൽ എത്തിക്കുന്ന സംഘവും ഈ മേഖലയിൽ സജീവമാണ്. കഴിഞ്ഞ ദിവസം വനപാലകരും എക്സൈസ് സംഘവും വിതുര പഞ്ചായത്തിലെ ആനപ്പാറ,​ കണ്ണൻകുന്ന് വനമേഖലയിൽ നടത്തിയ റെയ്ഡിൽ കോടയും വാറ്റുപകരണങ്ങളും നശിപ്പിച്ചിരുന്നു.

കോട കുടിച്ച് ആനയും

വിതുരയിലും അടുത്തുള്ള പഞ്ചായത്തുകളിലെയും കാടുകളിൽ ആനകൾ ധാരാളമാണ്. വ്യാജവാറ്റുകാർ കാട് കൈയേറി വാറ്റ് തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും പ്രദേശവാസികൾക്ക് വിനയായി മാറിയിരിക്കുകയാണ്. വ്യാജവാറ്റിന്റെ ഭാഗമായി പുളിപ്പിക്കാൻ വയ്ക്കുന്ന കോടയുടെ ഗന്ധം പിടിച്ച് കാട്ടാനകൾ വാറ്രുകേന്ദ്രങ്ങളിൽ എത്താറുണ്ട്. ആനകളുടെ ഇഷ്ടപാനീയമാണ് കോട. കോട കുടിച്ച ആനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശം പരത്തി വിഹരിക്കുകയാണ്. അടുത്തിടെ രണ്ടുപേരെ കാട്ടാന ആക്രമിച്ചിരുന്നു. ആക്രമണത്തിൽ നിന്ന് രണ്ടുപേരും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് മരണപ്പെട്ടിരുന്നു.