വിതുര: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കേന്ദ്ര ശാസ്ത്ര ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ (ഐസർ) മാതൃകയാകുന്നു. ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിതുര, മരുതാമല, ചെമ്മൻകാല ആദിവാസി ഊരിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം ആധുനിക ശാസ്ത്ര സാങ്കേതിക ഇ - വിദ്യാഭ്യാസ സാദ്ധ്യതകൾ ആദിവാസി മേഖലയിലെ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഐസർ അഞ്ച് വില്ലേജുകളെയാണ് ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദത്തെടുത്തിട്ടുള്ളത്. ഈ അഞ്ച് വില്ലേജുകളിലെയും ആദിവാസി മേഖലയിലെ കുട്ടികളുടെ ഇ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്നതാണ് ലക്ഷ്യം. ന്യൂയോർക്കിലെ ബഫല്ലോ സിറ്റിയിലുള്ള ബഫല്ലോ കൈരളി സാംസ്കാരിക കൂട്ടായ്മയാണ് സാമ്പത്തിക സഹായം നൽകിയത്. ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം വിതുര സി.ഐ എസ്.എൽ. സുധീഷ് നിർവഹിച്ചു. സാമൂഹ്യ പ്രവർത്തക ഷീല വേണുഗോപാൽ സ്വാഗതവും ഐസർ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ്‌, വിഷ്ണു,​ ശിവപ്രിയ എന്നിവർ സംസാരിച്ചു.