kkkk

കിളിമാനൂർ: ജനങ്ങൾക്ക് ആഘോഷത്തിന്റെ രാപ്പകലുകൾ സമ്മാനിച്ച കലാകാരന്മാർക്ക് ഇത് കണ്ണീരോണം. വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന പലരും ഇന്ന് അതിജീവനത്തിനായി മറ്റ് തൊഴിലുകൾ തേടുകയാണ്. വൻതുക പ്രതിഫലം വാങ്ങിയിരുന്ന സിനിമാ- സീരിയൽ രംഗത്തുള്ളവർക്ക് കൊവിഡ് വ്യാപനം വലിയ പരിക്കുകൾ സമ്മാനിച്ചില്ലെങ്കിലും അരപ്പട്ടിണിയിൽ ജീവിച്ചിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പടെയുള്ളവർ ഇന്ന് തട്ടുകടകൾ നടത്തിയൊക്കെയാണ് ജീവിക്കുന്നത്.

ഓണക്കാലം എന്നും കലാകാരന്മാർക്ക് കൈനിറയെ പ്രോഗ്രാമുകളും ഇരട്ടിവരുമാനവും സമ്മാനിച്ചിരുന്നതാണ്. എന്നാൽ ഇന്നത് ഓർമ്മകൾ മാത്രമാണ്. കടംവാങ്ങിയും സ്വർണം പണയംവച്ചുമെല്ലാം സമിതികൾ തട്ടിക്കൂട്ടിയ പലരും ഇപ്പോൾ വലിയ കടക്കെണിയുടെ നടുവിലാണ്. ആഘോഷങ്ങളില്ലാതെ വിഷുവും ഉത്സവങ്ങളും കടന്നുപോയപ്പോഴും ഓണക്കാലത്ത് എല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ നാൾക്കുനാൾ കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ഇതെല്ലാം അസ്ഥാനത്തായി. ഓടിനടന്ന പരിപാടികൾ നടത്തേണ്ട എല്ലാവരും ഇന്ന് ജോലിയില്ലാതെ വീടുകളിൽ തന്നെ ഇരിപ്പാണ്.

ആശ്വാസ ധനസഹായവും ഇല്ല

കൊവിഡ് ആശ്വാസ ധനസഹായമായി പലർക്കും സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പട്ടിണിയിൽ വലയുന്ന സ്റ്റേജ് കലാകാരന്മാരെ ഇക്കാര്യത്തിലും അധികൃതർ അവഗണിച്ചു. ലോക്ക് ഡൗൺ സമയത്ത് ലഭിക്കാത്ത ആനുകൂല്യങ്ങൾ ഓണത്തിനെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ ഓണക്കാല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്.

പ്രോഗ്രാമുകളില്ലാതെ 6 മാസം

ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ല

പലരും തട്ടുകട വരെ നടത്തുന്നു.

ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല

കടക്കെണിയുടെ നടുവിൽ സമിതികൾ