thalliya-malinyam

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ ജനവാസ മേഖലയായ മൂലഭാഗം നാലാം വാർഡിൽ ഈരാറ്റിൽ ആക്കൻ റോഡിനു സമീപം ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയിട്ട് കത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിലെ പനപ്പള്ളി ഏലായ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പ്രവർത്തനം തുടങ്ങാത്ത മാലിന്യ സംഭരണിക്ക് മുന്നിൽ ചാക്കിൽക്കെട്ടി സൂക്ഷിച്ചിരുന്ന മാലിന്യങ്ങളും അറവുമാലിന്യങ്ങളും മറ്റു വാർഡുകളിലെ മാലിന്യവുമാണ് ജനവാസ മേഖലയിൽ തള്ളാനും കത്തിക്കാനും ശ്രമിച്ചത്‌. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ലോറി തടഞ്ഞുവച്ച് പ്രതിഷേധിച്ചു. തുടർന്ന് വാർഡ്‌ മെമ്പർ മിനികുമാരി, മണ്ഡലം ജനറൽ സെക്രട്ടറി ഷിബിലി, ഈരാറ്റിൽ ഇ.ബി.എ.എസ്.സി ക്ലബിന്റെ ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാലിന്യങ്ങൾ തിരികെ കൊണ്ടുപോകാൻ പള്ളിക്കൽ പൊലീസ് നിർദ്ദേശിച്ചു. ആരോഗ്യ - ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് 2011 - ൽ പഞ്ചായത്തിന് രാഷ്ട്രപതിയുടെ നിർമ്മൽ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ഇന്ന് പഞ്ചായത്തിൽ മാലിന്യം കുന്നുകൂടി അത് സംസ്കരിക്കാനിടമില്ലാതായി. അടിയന്തരമായി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കണമെന്ന്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. നിസാം ആവശ്യപ്പെട്ടു.