atham

തിരുവനന്തപുരം: സേവനം വ്രതമാണെങ്കിലും ജോലിക്കിടയിൽ എല്ലാക്കൊല്ലവും മുടങ്ങാതെ ഓണമുണ്ണുന്നവരാണ് ആരോഗ്യ പ്രവർത്തകരും പൊലീസും. എന്നാൽ ഇക്കുറി ആ പതിവ് മാറും. കൊവിഡ് കാലത്ത് സമൂഹം വീടുകളിൽ സുരക്ഷിതമായി ഓണമുണ്ണുമ്പോൾ പ്രതിരോധത്തിന്റെ വലയം തീർക്കുന്നവർക്ക് ഇത്തവണത്തെ ആഘോഷമില്ല. ആശുപത്രികളിൽ കൊവിഡ് പ്രതിരോധത്തിലുള്ളവർ അവധിയില്ലാതെ ജോലിയെടുക്കുകയാണ്.

മുൻവർഷങ്ങളിൽ വിദൂരജില്ലകളിലുള്ള ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും ഒന്നിൽ കൂടുതൽ ദിവസം അവധി നൽകിയിരുന്നു. എന്നാൽ ഇത്തവണ അതില്ല. ഡോക്ടർമാ‌രും നഴ്സുമാരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ക്രമപ്പെടുത്തി ഓണത്തിന് ഒരു ദിവസം അവധിയെടുക്കും. പൊലീസിലും സമാനമായ സ്ഥിതിയാണ്. എന്നാൽ പി.ജി ഡോക്ടർമാർക്ക് അതും ലഭിക്കില്ല.

ഇത്തവണത്തെ ഡ്യൂട്ടിയിലുള്ളവർക്ക് തിരുവോണം സാധാരണ ദിവസം പോലായിരിക്കും.

താഴേതട്ടിലും പതിവുപോലെ

മുമ്പ് ഓണക്കാലത്ത് ജോലിഭാരമില്ലാതിരുന്ന സമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും ഇത്തവണ അവധിയില്ല. എല്ലാ കേന്ദ്രങ്ങളിലും തിരുവോണത്തിനും 50 ശതമാനം പേർ ജോലിക്കുണ്ടാകും. കൊവിഡ് ബാധിതരുടെ വിവരശേഖരണവും അടിയന്തര സഹായവുമുൾപ്പെടെയുള്ള ജോലികളുടെ തിരക്കിലാണിവർ.

'വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ളവർ ഒന്നിച്ചിരുന്നുള്ള സദ്യയായിരുന്നു ആശുപത്രിയിലെ ആഘോഷം. ഇത്തവണ അതുമില്ല. കുറേപേർ ക്വാറന്റൈനിലായതിനാൽ മറ്റുള്ളവരെല്ലാം ജോലിക്കുണ്ടാകും".

- ഡോ. ടി.എസ്. സന്തോഷ് കുമാർ

അസോസിയേറ്റ് പ്രൊഫസർ, ജനറൽ മെഡിസിൻ

മെഡിക്കൽ കോളേജ്, തിരുവനന്തപുരം

'സർക്കാരിന്റെ ഓണാഘോഷം ഇല്ലാത്തതിനാൽ തിരക്ക് കുറവാണ്. നിരത്തുകളിൽ സാമൂഹ്യ അകലം ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വമുണ്ട്. തിരുവോണത്തിന് സ്റ്റേഷനിലും ആഘോഷങ്ങളൊന്നുമില്ല".

- ജെ. രാകേഷ്, സി.ഐ, ഫോർട്ട് പൊലീസ്‌ സ്റ്റേഷൻ, തിരുവനന്തപുരം

'ആഘോഷത്തിന്റെ മാനസികാവസ്ഥയല്ല ആരോഗ്യപ്രവർത്തകർക്ക്, ഡ്യൂട്ടിയുള്ളവർ പതിവ് പോലെ എത്തും".

- സി.എസ്. ആശാലത,

ജൂനിയർ, പബ്ലിക് ഹെൽത്ത് നഴ്സ്

ഏഴിക്കര,സമൂഹ്യ ആരോഗ്യകേന്ദ്രം, എറണാകുളം