ganesh

തിരുവനന്തപുരം: തുച്ഛമായ വികലാംഗ പെൻഷനിൽ നിന്നു നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 1000 രൂപയുടെ സഹായം നൽകി മാതൃകയായ കൈതമുക്ക് ശീവേലി നഗറിലെ ഗണേഷിനെ കാണാൻ മേയർ കെ. ശ്രീകുമാർ വീണ്ടുമെത്തി. ആദ്യം നന്ദി അറിയിക്കാനാണ് വന്നതെങ്കിൽ ഇത്തവണ ഗണേഷിനും അമ്മയ്ക്കും മൂന്ന് മാസത്തേക്കുള്ള മരുന്നുകളുമായാണ് മേയറെത്തിയത്. പാർക്കിൻസൺ രോഗിയായ ഗണേഷിനും ഹൃദ്രോഗിയായ അമ്മ പൊന്നമ്മാളിനുമുള്ള തുച്ഛമായ പെൻഷൻ തുകയ്ക്ക് പുറമേ ഗണേഷിന്റെ മൂത്ത സഹോദരൻ നൽകിയിരുന്ന ചെറിയ സഹായത്തിലാണ് കുടുംബ ചെലവും ചികിത്സയും മുന്നോട്ടുപോയിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം സഹോദരന്റെ സഹായവും കൂടി നിലച്ചതോടെ 5000ത്തോളം രൂപയുടെ മരുന്ന് വാങ്ങാൻ ഇവർക്ക് ബുദ്ധിമുട്ടായി. തുടർന്നാണ് ഗണേഷ് മേയറെ ബന്ധപ്പെടുന്നത്. പിന്നാലെ ഗണേഷിനും അമ്മയ്ക്കുമുള്ള മരുന്നെത്തിക്കുകയും എല്ലാ മാസവും നഗരസഭ മുഖേന ഇരുവർക്കും വേണ്ട മരുന്നുകൾ നൽകുമെന്നും മേയർ ഉറപ്പുനൽകി. നഗരസഭ ഹെൽത്ത് ഓഫീസർ ഡോ.എ. ശശികുമാറും വീട്ടിലെത്തി.