വക്കം: നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി സ്കൂളിനോട് ചേർന്നുള്ള ബിവറേജ് ഔട്ട്ലെറ്റ് മാറ്റാത്തതിൽ കടുത്ത എതിർപ്പുമായി ബാലാവകാശ കമ്മിഷൻ. 'വിദ്യാർത്ഥികൾക്ക് ഭീഷണിയായി ബിവറേജ് ഔട്ട്ലെറ്റും കാടു കയറിയ സ്കൂൾ ഗ്രൗണ്ടും' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേഥയാ കേസെടുത്ത ബാലാവകാശ കമ്മിഷൻ ബന്ധപ്പെട്ടവർക്കയച്ച നോട്ടീസിന് നൽകിയ മറുപടിയിലാണ് അമർഷം രേഖപ്പെടുത്തിയത്. സ്കൂൾ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്നാണ് ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. പരസ്യമായ മദ്യപിച്ചശേഷം കുപ്പികളും മറ്റും വലിച്ചെറിയുന്നതും നിത്യസംഭവമായി മാറി. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ കൊണ്ടുപോകുന്നത് തടഞ്ഞു. തുടർന്ന് ബിവറേജ് മാലിന്യം നിറഞ്ഞ ഇവിടം കാടുകയറുകയായിരുന്നു. സംഭവം വാർത്തയായതോടെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുക്കുകയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയയ്ക്കുകയുമായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബാലാവകാശ കമ്മിഷനു നൽകിയ മറുപടിയിൽ സ്കൂൾ മതിൽ പത്തടി ഉയർത്തി ബാക്കിയുള്ള സ്ഥലം ഷീറ്റ് കൊണ്ട് മറച്ച് പ്രശ്നം പരിഹരിക്കാമെന്ന് മറുപടി നൽകുകയായിരുന്നു. എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്നും മദ്യ ചില്ലറ വില്പനശാല നിയമാനുസൃതമായ ദൂരപരിധിയിലാണോ പ്രവർത്തിക്കുന്നതെന്ന് പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും സ്കൂൾ ഗ്രൗണ്ട് എല്ലാവർഷവും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാൻ നടപടി വേണമെന്നും ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനനുവദിച്ച ബിവറേജ് ഔട്ട്ലെറ്റാണ് ഇപ്പോൾ വക്കം ഗ്രാമ പഞ്ചായത്തിലെ നിലയ്ക്കാമുക്കിൽ പ്രവർത്തിക്കുന്നത്.