കാസർകോട് :മഞ്ചേശ്വരം മിയാപദവ് ബേരിക്കയിലെ കൃപാകര എന്ന അണ്ണുവിന്റെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർ ഉൾപ്പെടെ നാലുപേരെ കേന്ദ്രീകരിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതും കൊല്ലപ്പെട്ട യുവാവിന് അനുകൂലമായി ആരും മൊഴി നൽകാത്തതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
ഒരു സംഘം ആളുകൾക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. അക്രമികളിൽ ആരുടെയും പേരുകൾ എഫ്. ഐ.ആറിൽ വ്യക്തമാക്കിയിട്ടില്ല. കൃപാകരയുടെ മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. കത്രികയും കമ്പിപ്പാരയും കൊണ്ടുള്ള കുത്തേറ്റ് യുവാവിന്റെ തലക്ക് ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ 25 ഓളം മുറിവുകളുമുണ്ടായി. സ്ഥലത്തെത്തിയ എല്ലാവരും ദേഹത്ത് കൈവെച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച രാത്രി വൈകിയാണ് മിയാപദവ് കെതങ്ങാട്ടെ ജിതേഷിന്റെ വീട്ടിന് മുമ്പിൽ വെച്ച് കൃപാകര കൊല്ലപ്പെടുന്നത്. ജിതേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പരാക്രമം നടത്തുന്നതിനിടെയാണ് വെട്ടും കുത്തും നടക്കുന്നത്. നാല് മാസത്തോളമായി ജിതേഷും കൃപാകരയും സുഹൃത്തുക്കളായിരുന്നു. എന്നാൽ കൃപാകര സ്ഥിരമായി മദ്യപിക്കുകയും കഞ്ചാവ് ലഹരിയിൽ പരാക്രമം കാട്ടുന്നതും പതിവായതോടെ ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം ജിതേഷ് സൗഹൃദം വിടുകയായിരുന്നു. ഇതിന്റെ പേരിൽ കൃപാകര ജിതേഷുമായി പലതവണ വാക്കുതർക്കമുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി പിറക് വശത്തെ മതിൽ ചാടി കൃപാകര ജിതേഷിന്റെ വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അമ്മയും സഹോദരിയും തടഞ്ഞതിനാൽ ജിതേഷ് തുറന്നില്ല. ചവിട്ടിപൊളിക്കുമെന്ന് ഉറപ്പായതോടെയാണ് വാതിൽ തുറന്നത്. കൃപാകര കണ്ണിന് കുത്തി ജിതേഷിനെ വീഴ്ത്തി. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസി ഉമേശ് അടക്കമുള്ളവർ ഓടിയെത്തി. അവരും കൃപാകരയും തമ്മിൽ മൽപ്പിടുത്തമുണ്ടായിരുന്നതായി പറയുന്നു. ആൾകൂട്ടത്തിന്റെ മർദ്ദനത്തിൽ തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായത്. മരണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ രണ്ടുവീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.