maveli

കൊച്ചി: ഓണമല്ലേ, ഒരുങ്ങാതെയെങ്ങനെ. തിരുവോണത്തിന് ഇനി ഒരു ദിനം മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ ഓണസദ്യയടക്കം ഒരുക്കാനും മറ്റും ഇത്രാടദിനമായ ഇന്ന് മാർക്കറ്റിലേക്ക് ഇറങ്ങുന്നവർ ജാഗ്രത കൈവിടരുത്. ഇത് 'കൊവിഡ് ഓണമാണ്'. കടകളിൽ സാമൂഹിക അകലം പാലിക്കണം. ആവശ്യമുള്ള സാധങ്ങൾ മാത്രം വാങ്ങുക. മാസ്ക് സാനിറ്റൈസർ എന്നിവ ഉറപ്പ് വരുത്തണം. ആരോഗ്യവകുപ്പിന്റെ നിർദേശം കർശനമായി പാലിക്കണം.

ഓണക്കോടി

അവനവനു മാത്രം

ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഓണക്കോടി സമ്മാനിക്കുന്നില്ലെങ്കിലും വസ്ത്ര വിപണി സജീവമാണ്. ഡിസ്കൗണ്ട് സെയിലും സ്പെഷ്യൽ ഓഫറുകളും കുറവാണെങ്കിലും ന്യായമായ വിലയാണ് ഈടാക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. കടകളിൽ ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തിരക്ക് ഇല്ലെങ്കിലും ഇന്നു കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. അതേസമയം വസ്ത്രം ഇട്ട് നോക്കി വാങ്ങുന്നതും വാങ്ങുന്നത് തിരികെ നൽകാനും സാധിക്കില്ല.

വാടി കരിഞ്ഞ് പൂ വിപണി

അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പൂവുകളിലൂടെ കൊവിഡ് പടരാൻ സാദ്ധ്യയുള്ളതിനാൽ പൂ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പൂവാങ്ങിയ ശേഷവും മറ്റും സാനിറ്റൈസർ ഉപയോഗിക്കണം. ഇക്കുറി നാട്ടിലെ പൂക്കൾ ഉപയോഗിച്ച് പൂക്കളമിടാൻ ആളുകൾ തയ്യാറാകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. അതേസമയം വിപണയിൽ പൂക്കൾക്ക് ആവശ്യക്കാർ കുറവാണ്. പ്രധാന റോഡുകളിലും വഴിയോരങ്ങളിലും പൂവിപണി സജീവമാക്കേണ്ട സ്ഥാനത്ത് പൂക്കടകളിൽ പോലും ആവശ്യക്കാർ കുറവാണ്. ഇന്നെങ്കിലും കച്ചവടം മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ആവശ്യക്കാർ കുറവായത്തിനാൽ വ്യാപാരികൾ പൂവെടുക്കുന്നതും കുറവാണ്.

"ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന ഉത്സവ സീസണാണ് ഓണം. ആളുകൾ എത്തുന്നുണ്ടെങ്കിലും ഓണക്കാലത്തെ തിരക്ക് അനുഭവപ്പെടുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവുള്ളത്തിനാൽ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ."

ഹമീദ്

പച്ചക്കറി വ്യാപാരി