baby

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം എസ്. എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂർണ ഗർഭിണിയായ യുവതിക്ക് നഷ്ടമായത് ഇരട്ടക്കുട്ടികൾ. ആദ്യ പ്രവസത്തിന് ദിവസങ്ങൾ മാത്രംശേഷിക്കേയാണ് ഈ ലോകംതന്നെ കാണാതെ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവർ വിടവാങ്ങിയത്.പുറത്തെടുത്ത ചേതനയറ്റ ചോരക്കുഞ്ഞുങ്ങളുടെ മുഖം ഒരു നോക്കുകാണാനും അമ്മയ്ക്ക് കഴിഞ്ഞില്ല.

കൊവിഡ് ബാധിച്ച നെയ്യാറ്റിൻകര സ്വദേശിയായ യുവതിയെ മൂന്നാഴ്ചമുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. പ്രസവസംബന്ധമായ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്കാനിംഗിലാണ് കുഞ്ഞുങ്ങൾക്ക് ജീവന്റെ തുടിപ്പില്ലെന്ന് ബോധ്യമായത്. തുടർന്ന് അടിയന്തരമായി പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കുഞ്ഞുങ്ങളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് തൈക്കാട് ശാന്തികവാടത്തിൽ മറവുചെയ്യാൻ തീരുമാനിച്ചതോടെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി അധികൃതർ മേൽനടപടികൾ സ്വീകരിച്ചു. അവിടത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ മുഖേന രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹം തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ചെയർമാൻ ഐ.പി.ബിനുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പിതാവ് അന്ത്യാഞ്ജലി അർപ്പിച്ചശേഷമായിരുന്നു സംസ്കാര ചടങ്ങ്.