തിരുവനന്തപുരം: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ മിൽമ മലബാർ മേഖലാ യൂണിയൻ 'ഗോൾഡൻ മിൽക്കും", 'ഗോൾഡൻ മിൽക്ക് മിക്സും" വിപണിയിലിറക്കി. ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവ പാലിൽ ചേർത്ത് കഴിച്ചാൽ ഉയർന്ന രോഗപ്രതിരോധശേഷി ലഭിക്കുമെന്ന് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് പുതിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് വഴിതെളിച്ചത്.
ഗോൾഡൻ മിൽക്ക് 180 മി.ലിറ്ററിന് 35 രൂപയാണ് വില. 'ഗോൾഡൻ മിൽക്ക് മിക്‌സ് 25 ഗ്രാമിന് 20 രൂപ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മിൽമ 'ഗോൾഡൻ മിൽക്ക് മിക്സിന്റെ' വിപണനോദ്ഘാടനം മന്ത്രി കെ. രാജു കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറിന് നൽകി നിർവഹിച്ചു. മിൽമ 'ഗോൾഡൻ മിൽക്കി'ന്റെ വിപണനോദ്ഘാടനം എം. വിജയകുമാർ മിൽമ ചെയർമാൻ പി.എ. ബാലൻമാസ്റ്റർക്ക് നൽകിയും നിർവഹിച്ചു.
മന്ത്രി വി.എസ്. സുനിൽകുമാർ വീഡീയോ കോൺഫറൻസ് വഴി അദ്ധ്യക്ഷത വഹിച്ചു. മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ഈപ്പൻ, മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരൻ എന്നിവർ പങ്കെടുത്തു.