തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി.വേണുഗോപാലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ കോടതിയിൽ അപേക്ഷ നൽകി. ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുൾ സലാം എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

.മൂന്നു പേർക്കും രാജ്കുമാറിന്റെ അനധികൃത കസ്​റ്റഡിയും മർദ്ദനവും അറിയാമായിരുന്നുവെന്ന സംശയത്തിലാണ് സിബിഐയുടെ നടപടി.രാജ്കുമാറിനെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നെന്നാണ് ഡിവൈ.എസ്.പിമാരുടെ മൊഴി. മൂവരും നുണപരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടു നൽകിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിൽ എസ്.പി കെ.ബി വേണുഗോപാലിന് കുരുക്ക് മുറുകുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എസ്.പിയെ ഓഫീസിലെത്തി കണ്ട് രാജ്കുമാറിന്റെ കസ്റ്റഡി വിവരം അറിയിച്ചെന്നാണ് ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അബ്ദുൾസലാമിന്റെ മൊഴി. ഹജ്ജിന് പോകുന്നതിന് അഞ്ച് ദിവസത്തെ അവധി അപേക്ഷ നൽകാനെത്തിയപ്പോഴാണ് വിവരമറിയിച്ചത്. പിതാവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി അവധിയിലായിരുന്ന അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസ് ഫോണിൽ എസ്.പിയെ വിവരമറിയിച്ചെന്നാണ് മൊഴി നൽകിയത്. അവധിയിലാണെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എസ്.പി നിർദ്ദേശിച്ചതുപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും കസ്റ്റഡിയിലെടുത്ത ദിവസം തന്നെ വിവരമറിയിച്ചെന്നുമാണ് ഇപ്പോൾ മലപ്പുറം നാർകോട്ടിക് ഡിവൈ.എസ്.പിയായ ഷംസിന്റെ മൊഴി.