പാലോട് : കൈയേറ്റ ഭൂമി ഒഴിപ്പിക്കാതെ അശാസ്ത്രീയമായ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. തിരുവനന്തപുരം- ചെങ്കോട്ട ഹൈവേയിൽ പാലോട്ടാണ് പ്രതിഷേധം. കുന്നുംപുറം ബൈ റോഡ് സന്ധിക്കുന്ന ഭാഗം മുതൽ സഹകരണ ബാങ്കിന് മുൻവശം വരെ കരാറുകാരുടെ തന്നിഷ്ടം കണക്കെയാണ് റോഡിന് വേണ്ടി പുറമ്പോക്ക് ഒഴിപ്പിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കൈയേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിന് പകരം റോഡിന്റെ അലൈന്മെന്റ് വളച്ചൊടിക്കാനാണ് ശ്രമമെന്നാണ് പരാതി. ഓട നിർമ്മിക്കുന്നതിലും പുറമ്പോക്ക് ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നീക്കം ചെയ്യുന്നതിലും തികഞ്ഞ അനാസ്ഥയാണ് അധികൃതർ പുലർത്തുന്നതെന്നും ആക്ഷേപമുണ്ട്. പൊതുപ്രവർത്തകരായ ഇ.ജോൺകുട്ടി, ഷെനിൽ റഹിം, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണം തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.