തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രമാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്സ് അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ വ്യക്തമാക്കി. ഹാളുകൾ, റോഡുകൾ, മൈതാനങ്ങൾ തുടങ്ങിയിടങ്ങളിൽ ഒരുതരത്തിലുള്ള ഓണാഘോഷവും നടക്കുന്നില്ലെന്ന് റസിഡന്റ്സ് അസോസിയേഷനുകൾ ഉറപ്പാക്കണം. വിർച്വൽ പ്ലാറ്റ്‌ഫോമുകളിൽ കലാപരിപാടികൾ പ്രോത്സാഹിപ്പിക്കണം. മരണാനന്തര ചടങ്ങുകളിൽ സാമൂഹിക അകലവും നിഷ്‌കർഷിക്കപ്പെട്ട എണ്ണം ആളുകളും മാത്രം പങ്കെടുക്കുക. വഴിയോര കച്ചവടക്കാർ, മത്സ്യവ്യാപാരികൾ, ലഘുഭക്ഷണശാലകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും 60 വയസിനു താഴെയുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പൊതുജനാരോഗ്യസേന രൂപീകരിക്കണം. സ്ഥലവാസികളായ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഉപദേശവും സഹായവും ഇതിനായി തേടാം. അസോസിയേഷൻ ഉൾപ്പെടുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ആലോചിച്ച് പി. എച്ച് .സി മെഡിക്കൽ ഓഫീസർ, വാർഡ് കൗൺസിലർ, വില്ലേജ് ഓഫീസർ, പൊലീസ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന ഉപദേശകസമിതിയും സേനയുടെ ഭാഗമാക്കണം. വോളന്റിയർ ലീഡറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പൊതുജനാരോഗ്യസേന, അസോസിയേഷൻ പരിധിയിലെ ഓരോ 25, 30 വീടുകൾക്കും വേണ്ടി റാപ്പിഡ് റെസ്‌പോൺസ് ടീമുകളും രൂപീകരിക്കണം. ഓരോ ടീമിലും മൂന്നു വീതം വോളന്റിയർമാർ ഉണ്ടായിരിക്കണം. താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തിൽപ്പെടുന്ന (60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, ജീവിതശൈലി രോഗങ്ങളുള്ളവർ, 10 വയസിനു താഴെയുള്ളവർ) വ്യക്തികളുടെ ലിസ്റ്റ് ആശാവർക്കർ / അംങ്കണവാടി വർക്കർമാരുടെ നേതൃത്വത്തിൽ അതത് ആർ.ടി.ടികൾ ഉണ്ടാക്കണം. ജീവിതശൈലി രോഗങ്ങളുള്ളവർക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും വേണം. ക്വാറന്റൈനിലും റിവേഴ്സ് ക്വാറന്റൈനിലും ഹോം ഐസൊലേഷനിലും കഴിയുന്നവർക്ക് അവശ്യ സാമഗ്രികൾ എത്തിക്കണം. സ്വയം നിരീക്ഷണം നടത്താൻ ആവശ്യമായ പൾസ് ഓക്‌സിമീറ്റർ, ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ വാങ്ങി ആവശ്യക്കാർക്കു നൽകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.