തിരുവനന്തപുരം: സായുധസേനയിലെ അസിസ്റ്റന്റ് കമൻഡാന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡി.ജി.പിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സർക്കാർ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമൻഡാന്റുമാരെ അവരുടെ സൗകര്യപ്രകാരം ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചു വിളിച്ചത്. ഡി.ജി.പിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, സർക്കാർ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ ഡി.ജി.പിക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഡി.ജി.പി വരുത്തിയ സ്ഥലംമാറ്റ ഉത്തരവിലെ തിരുത്ത് റദ്ദാക്കപ്പെട്ടതോടെ, അഞ്ച് ഉദ്യോഗസ്ഥരും പഴയ പട്ടികയനുസരിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണം. ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തി ഡി.ജി.പി അഞ്ച് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണം. സിജു എസ്, സുരേഷ് കെ, രാജു എബ്രഹാം, ശ്രീജിത്ത് എസ് എസ്, അജയകുമാർ പി എം എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് ഡി.ജി.പി തിരുത്തിയത്. വർക്കിംഗ് അറേഞ്ച്‌മെന്റ് എന്ന നിലയിൽ അവർക്കിഷ്ടമുള്ള ഇടത്തേക്ക് മാറ്റുകയായിരുന്നു. സർവീസ് ചട്ടങ്ങളിലെ റൂൾ 32 ബി പ്രകാരം അസി.കമൻഡാന്റുമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും അധികാരം സർക്കാരിനാണ്. സർക്കാരിന്റെ ഉത്തരവ് ഡി.ജി.പിയും , ഡിജിപിയുടെ നടപടി സർക്കാർ തിരുത്തുന്നതും അപൂർവം.