തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ കൊവിഡ് കൺട്രോൾ ടീമുകൾ രൂപീകരിക്കണമെന്നു ജില്ലാ ഭരണകൂടം. കൊവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തിൽ നടപ്പാക്കേണ്ട പുതിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണു നിർദ്ദേശം. റസിഡന്റ്സ് അസോസിയേഷനുകളിൽ രൂപംനൽകുന്ന പൊതുജനാരോഗ്യ സേന അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണു ടീം പ്രവർത്തിക്കേണ്ടത്. എല്ലാ ദിവസവും വാർഡ്തല കൊവിഡ് കൺട്രോൾ ടീം യോഗംചേർന്നു സ്ഥിതി വിലയിരുത്തണം. അടുത്ത ദിവസത്തെ പ്രവർത്തനവും ആസൂത്രണം ചെയ്യണം. പഞ്ചായത്ത്, നഗരസഭാതലത്തിലും ദിവസേനയുള്ള റിവ്യൂ നിർബന്ധമാക്കണം. ഓൺലൈൻ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് 31നകം ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്കു റിപ്പോർട്ട് നൽകണം. പൊതു ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പരിപാടികൾ നടപ്പാക്കണം. ആളുകൾ ഒത്തുകൂടുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ സർവൈലൻസ് ചെക് വാക് നടത്തണം. പ്രോട്ടോക്കോൾ നിരന്തരം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, 10 വയസിനു താഴെയുള്ളവർ എന്നിവർ സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഓക്സിജൻ അളവ് 95 ശതമാനത്തിൽ താഴെയുള്ളവരെ തൊട്ടടുത്ത പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കണം. 60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, ജീവിതശൈലി രോഗമുള്ളവർ, പത്തു വയസിനു താഴെയുള്ളവർ തുടങ്ങി താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തിൽപ്പെടുന്നവരുടെ ലിസ്റ്റ് ആശാവർക്കർ, അംങ്കണവാടി വർക്കർമാരുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തയ്യാറാക്കണം. ടീം അംഗങ്ങൾ തങ്ങളുടെ പരിധിയിൽപ്പെടുന്ന ആളുകളെ നിരന്തരം വിളിച്ച് ആരോഗ്യ സ്ഥിതിവിവരം അന്വേഷിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.