തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാം. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്. കടകളിൽ പ്രവേശിപ്പിക്കാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം. ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും ബെഹ്റ അറിയിച്ചു.