secretariate

തിരുവനതപുരം : സെക്രട്ടേറിയറ്റിലെയും, വിവിധ ഡയറക്റേറ്റുകളിലെയും ജില്ലാ കളക്ടറേറ്റുകളിലെയും ഫയൽ നീക്കം ഇലക്ട്രോണിക് രീതിയിലാക്കാൻ 2014ൽ തുടങ്ങിയ ഇ- ഓഫീസ് സംവിധാനം ഇനിയും എങ്ങുമെത്തിയില്ല.

തപാലുകളും ഫയലുകളും സൃഷ്ടിക്കൽ തുടങ്ങി, ഫയൽ നീക്കവും ഉത്തരവിടുന്നതും വരെ ഇലക്ട്രോണിക് രീതിയിലാക്കുന്ന പ്രക്രിയയുടെ തുടക്കം സെക്രട്ടേറിയറ്റിലായിരുന്നു .എന്നാൽ, പൊതുഭരണം ,ആഭ്യന്തരം, വിദ്യാഭ്യാസം, നിയമം തുടങ്ങി പല പ്രധാന വകുപ്പുകളിലും ഫയൽ നീക്കം പേപ്പറിൽ. ഏതാണ്ട് പൂർണമായും ഇ-ഫയലിംഗ് സമ്പ്രദായമുള്ളത്. ധനകാര്യ വകുപ്പിൽ മാത്രം..

ഒരു കത്തോ പരാതിയോ നിർദ്ദേശമോ വന്നാൽ അത് ഇലക്ട്രോണിക് ഫയലായി ഓട്ടോമാറ്റിക് നമ്പറിട്ട് പോകും.ബന്ധപ്പെട്ട സെക്ഷനുകളിലെത്തുമ്പോൾ ,പഴയ പടി പേപ്പർ ഫയലായി മാറും. സംസ്ഥാന സർക്കാരിന് പ്രത്യേക താല്പര്യമുള്ള ഫയലുകളാണ് പലപ്പോഴും ഇങ്ങനെ മാറുന്നത്. ഇവയുടെ ഇലക്ട്രോണിക് ഫയൽ നമ്പർ ,പിന്നീട് ഉത്തരവിറക്കുമ്പോഴേ ആവശ്യമായി വരുന്നുള്ളൂ അതിനിടയുള്ള ഫയലിലെ കുറിപ്പുകളൊന്നും മറ്റാർക്കും കാണാനാവില്ല. ഇലക്ട്രോണിക് ഫയലാണെങ്കിൽ, ഫയൽ ഇപ്പോൾ എവിടെ , ഉള്ളടക്കമെന്ത്, , ആരൊക്കെ എന്തൊക്കെ പരാമർശങ്ങൾ നടത്തി തുടങ്ങിയ വിവരങ്ങൾ എല്ലാ ജീവനക്കാർക്കും അറിയാനാവും.

വിവിധ വകുപ്പുകളിലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഫയലാക്കി സൂക്ഷിക്കാനും നടപടിയില്ല. പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന് ശേഷം, സെക്രട്ടേറിയറ്റിലെ എല്ലാ രേഖകളും സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഫയലായി സൂക്ഷിക്കണമെന്നാണ് വകുപ്പ് മോധാവികൾക്കുള്ള നിർദ്ദേശം ..