തിരുവനന്തപുരം: മൂല്യനിർണയം പൂർത്തിയാകാത്ത അഞ്ഞൂറോളം വിദ്യാർഥികളുടെ പരീക്ഷഫലം ഒഴിവാക്കി അവസാന വർഷ ബികോം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ആയിരത്തോളം ബി.എ, ബിഎസ്‌സി വിദ്യാർത്ഥികളുടെ അപൂർണമായ അവസാന വർഷ ഫലം കേരളസർവകലാശാല ഇന്നലെ പ്രസിദ്ധീകരിച്ചു. അവസാന വർഷ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണയവും നാലാം സെമസ്റ്റർ മാർക്ക് മെച്ചപ്പെടുത്താൻ പരീക്ഷയെഴുതിയവരുടെ ഉത്തരക്കടലസുകളുടെ മൂല്യനിർണയവും പൂർത്തിയാക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് അവരുടെ ഉപരിപഠന സാദ്ധ്യതയെ ദോഷകരമായി ബാധിക്കും. മറ്റെല്ലാ സർവകലാശാലകളും ബിരുദാനന്തര പ്രവേശന നടപടികൾ ആരംഭിച്ചിട്ടും കേരള സർവകലാശാല പരീക്ഷാഫലം ഭാഗികമായി പ്രസിദ്ധീകരിച്ച ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. റിസൽട്ട് പൂർണമായി വരുന്നതുവരെ ബിരുദാനന്തര പ്റവേശനം നിറുത്തിവച്ചില്ലെങ്കിൽ പലരുടെയും ഉപരി പഠനസാധ്യത നഷ്ടമാകും. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പരീക്ഷയെഴുതിയ അയ്യായിരത്തോളം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടക്കാത്തതിനാൽ അവർക്കും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടും.