നാഗർകോവിൽ: സെയിൽസ്മാനായി തുടങ്ങി തമിഴ്നാട്ടിലെ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് ഉപകരണങ്ങളുടെ പ്രമുഖ വിതരണ ശൃംഖലയുടമയായി മാറിയ ചരിത്രമാണ് ഇന്നലെ അന്തരിച്ച കന്യാകുമാരി എം.പി എച്ച്. വസന്തകുമാറിന്റേത്. 1978ലാണ് വസന്ത് ആൻഡ് കോ അദ്ദേഹം സ്ഥാപിച്ചത്. ബംഗളൂരു, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലായി 82 ഷോറൂമുകളാണ് നിലവിലുള്ളത്. 2008ൽ വിനോദ ചാനലായ വസന്ത് ടി.വിയും സ്ഥാപിച്ചു. 2016 ൽ വെട്രീകൊടിക്കെട്ട് എന്ന പുസ്തകം എഴുതി. അന്ന് അത് പബ്ലിഷ് ചെയ്തത് നടൻ രജനികാന്തും ഭാര്യയുമായിരുന്നു. എളിയ നിലയിൽ നിന്ന് ഉയർന്നു വന്നതിനാൽ പാവപ്പെട്ടവരുടെയും അശരണരുടേയും സങ്കടങ്ങളും പ്രശ്നങ്ങളും പെട്ടെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എം.പിയാകുന്നതിന് മുൻപ് നംഗുനേരി മണ്ഡലത്തിൽ നിന്ന് 2006ലും 2016ലും നിയമസഭയിലെത്തി. ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് എം.എൽ.എ സ്ഥാനം രാജിവച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അനുശേചിച്ചു.
|