തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിച്ച വീട്ടിൽ ആദ്യമായി ഓണം ആഘോഷിക്കാൻ ഓരുങ്ങുകയാണ് രേവതിയും ആരതിയും. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിലെ ചിറത്തരയ്ക്കൽ രേവതി ഭവനിൽ ബിജുവിന്റെയും രാധാമണിയുടെയും മക്കളാണ് ഇവർ. ചിങ്ങം ഒന്നിനാണ് ഇവർ പുതിയ വീട്ടിൽ താമസം ആരംഭിച്ചത്.പഞ്ചായത്ത് മുൻകൈ എടുത്താണ് ഇവർക്കായി സ്ഥലം വാങ്ങി നൽകിയത്. തുടർന്ന് ലൈഫിൽ ഉൾപ്പെടുത്തി വീടും അനുവദിച്ചു.വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ശുചിമുറി, കിണർ എന്നിവയും നിർമിച്ചു നൽകി.സ്വന്തമായി വീടില്ലായിരുന്ന ഇവർ വാടക വീടുകൾ മാറി മാറി താമസിക്കുകയായിരുന്നു.കൊച്ചു കുഞ്ഞുങ്ങളും വൃദ്ധയായ മാതാവും ഭർത്താവുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. മഴ പെയ്താൽ ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ ഭർത്താവിനും കുഞ്ഞുങ്ങൾക്കും പ്രായമായ അമ്മയ്ക്കുമൊപ്പം തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാധാമണി.