തിരുവനന്തപുരം : നിരക്ഷരർക്ക് അക്ഷര വെളിച്ചവുമായി ഓടി നടക്കുന്നതിനിടെയാണ് ഷൈലജയെ വിധി തളർത്തിയത്. പ്രമേഹം മൂർച്ഛിച്ചതോടെ, ഒരു കാൽമുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടി വന്നു.
നേമം ബ്ലോക്കിലെ വിളവൂർക്കൽ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകയായിരുന്നു ഷൈലജ. ഇരുന്നിടത്ത് നിന്ന് ചലിക്കണമെങ്കിൽപ്പോലും പരസഹായം വേണം. ഷൈലജയ്ക്കും വീട്ടുകാർക്കും മാത്രമല്ല, സാക്ഷരതാ യജ്ഞത്തിലെ സഹപ്രവർത്തകർക്കും അത് നീറുന്ന വേദനയായി.
വീൽ ചെയറിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോയതിന്റെ തീരാവേദനയിലും, ഷൈലജയുടെ മനസ് തളർന്നില്ല. നിരവധി പേരെ അക്ഷരലോകത്തേക്കും തുടർ വിദ്യാപദ്ധതിയുടെ ഭാഗമായി ഉയർന്ന ക്‌ളാസുകളിലേക്കും നയിച്ച ടീച്ചറെ വീണ്ടും കർമ്മനിരതയാക്കാൻ സഹപ്രവർത്തകരും ഒപ്പം കൂടി. തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ആധുനിക രീതിയിലുള്ള കൃത്രിമകാൽ വാങ്ങാൻ നോഡൽ പ്രേരക് പൂവച്ചൽ ജി.രാജീവും ജി.ആർ. മിനി രേഖയും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാറും സജീന ജലാലും നേമം ബ്ലോക്ക് നോഡൽ പ്രേരക് കസ്തൂരി, നോഡൽ പ്രേരക്മാരായ ഉഷാകുമാരി അമ്മ, പ്രസന്ന തുടങ്ങിയവരും കൂടെ നിന്നു. ഒന്നേകാൽ ലക്ഷം രൂപ ചെലവിൽ കൃതിമ കാൽ വാങ്ങി. ഗൂഗിൾ മീറ്റ് വഴി കൃത്രിമക്കാൽ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ .പി.എസ്. ശ്രീകലയും ഷൈലജയ്ക്ക് ധൈര്യം പകർന്നു.
മുറിച്ചുമാറ്റിയ ഇടതുകാലിൽ ഘടിപ്പിച്ച വീൽചെയറിൽ നിന്നിറങ്ങി ഇരുകാലുകളും നിലത്തൂന്നി നടക്കാൻ തുടങ്ങിയ ഷൈലജയുടെ മുഖത്ത് വീണ്ടും തെളിച്ചം. ഇനിയും വെളിച്ചമാവും, പലർക്കും.