കല്ലമ്പലം:ഓണസമ്മാനമായി രാജിനിക്ക് സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ നിന്നും വീടും സ്നേഹ സമ്മാനമായി ജെന്റർ റിസോഴ്സ് കൗൺസിലിംഗ് സെന്ററിന്റെ ആട്ടിൻകുട്ടിയും.കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് സ്വദേശിനി രാജിനിയും ഭർത്താവും മൂന്ന് മക്കളും ഓലയും ടാർപ്പയും കൊണ്ട് കെട്ടിമറച്ച വീട്ടിൽ ദുരിതജീവിതം നയിച്ചുവരുകയായിരുന്നു.കരവാരം പഞ്ചായത്തിൽ നിന്നും ലൈഫ് ഭവന പദ്ധതിപ്രകാരം കുടുംബത്തിന് നാലുലക്ഷം രൂപ ലഭിച്ചതോടെ സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനം എന്ന രാജിനിയുടെ സ്വപ്നം സാക്ഷാത്കരിച്ചു.ലൈഫ് പദ്ധതിയുടെ നാലുലക്ഷത്തിന് പുറമെ കുടുംബശ്രീ ജില്ലാമിഷന്റെ ഒരുലക്ഷം രൂപയും കൂടി ചേർന്നതോടെ 53 ദിവസങ്ങൾക്കുള്ളിൽ രാജിനിക്കും കുടുംബത്തിനും വീടായി.വീടിന്റെ മുഴുവൻ ജോലികളും കുടുംബശ്രീ വനിതാകൂട്ടായ്മയിലെ തൊഴിലാളികളാണ് നിർവഹിച്ചത്.വീടിന്റെ താക്കോൽദാനം അഡ്വ.ബി.സത്യൻ എം. എൽ. എ നിർവ്വഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ് ദീപ,വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സി. ഡി. എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ,ഡോ. ഷൈജു,പഞ്ചായത്തംഗം പ്രസന്ന,ജന്റർ റിസോഴ്സ് കൗൺസിലർ ബിന്ദു പ്രഭ തുടങ്ങിയവർ പങ്കെടുത്തു.