onam

അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിക്കൊപ്പമാണ് മലയാളികൾ ഇക്കുറി ഓണം ആഘോഷിക്കുന്നത്. മഹാവ്യാധി ഇപ്പോഴും വിട്ടൊഴിയാതെ കൂടെത്തന്നെ ഉള്ളതിനാൽ പതിവനുസരിച്ചുള്ള ആഹ്ളാദമോ ഉത്സവത്തിമിർപ്പോ എവിടെയും കാണാനില്ല. എന്നിരുന്നാലും ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തിന്റെ അവാച്യസുന്ദരമായ ഓർമ്മകൾ ഉണർത്തുന്ന ഈ ആഘോഷം ആരും വേണ്ടെന്നു വയ്ക്കുന്നില്ല. നിയന്ത്രണങ്ങൾക്കും ഒട്ടേറെ പരിമിതികൾക്കും നടുവിൽ നിന്നുകൊണ്ടാണെങ്കിലും തിരുവോണത്തെ ആകാവുന്നത്ര പൊലിമയോടെ തന്നെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും പ്രളയക്കെടുതികൾക്കിടയിലാണ് ഓണം എത്തിയത്. അതുകൊണ്ടുതന്നെ കഷ്ടനഷ്ടങ്ങൾക്കിടയിലെ ഈ സുദിനം ഒട്ടേറെപ്പേർ ഓർക്കാനിഷ്ടപ്പെടാത്തതായിരുന്നു. പ്രകൃതി ഇത്തവണയും ആദ്യമൊന്നു ഭയപ്പെടുത്തിയെങ്കിലും സംഹാരഭാവം പൂണ്ടില്ലെന്നത് വലിയ ആശ്വാസമായി. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കവും പകർച്ചവ്യാധിയെ നേരിടാൻ കൈക്കൊള്ളേണ്ടിവന്ന കടുത്ത നിയന്ത്രണങ്ങളുമാണ് ഓണാഘോഷങ്ങൾക്ക് ഇത്തവണ തിരിച്ചടിയായത്. ഇതിനിടയിലും ആഘോഷങ്ങൾ പാടേ ഉപേക്ഷിക്കാൻ മലയാളി മനസ് തയ്യാറല്ലെന്നതിന്റെ സൂചനകളാണ് എമ്പാടും കാണുന്നത്.

ഓണാഘോഷങ്ങൾ നിർബന്ധമായും വീടുകളിൽത്തന്നെ ഒതുക്കണമെന്നാണ് സർക്കാരിന്റെ കർക്കശ നിർദ്ദേശം. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന കൊവിഡ് കേസുകളാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. നിർദ്ദേശം അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണം. ഉപേക്ഷ കാണിച്ചാൽ സ്ഥിതി ഇപ്പോഴത്തെക്കാൾ രൂക്ഷമാകും. ആർക്കും നിയന്ത്രിക്കാനാവാത്ത തലത്തിലേക്കു എത്തിയെന്നും വരും. വ്യക്തിയുടെയും കുടുംബത്തിന്റെയും സുരക്ഷ പോലെ തന്നെ പരമപ്രധാനമാണ് സമൂഹത്തിന്റെ ആകമാനമുള്ള സുരക്ഷയെന്ന് ആരും മറക്കരുത്. ഓണക്കോപ്പുകൾ വാങ്ങാനുള്ള ഓട്ടത്തിനിടയിൽ തൊട്ടരികിൽത്തന്നെയുള്ള രോഗാണു ഭീകരനെ കാണാതിരിക്കരുത്. ആളുകൾ കൂട്ടമായി പുറത്തിറങ്ങുമ്പോൾ സംഭവിക്കാനിടയുള്ള രോഗഭീഷണിയെക്കുറിച്ചും ശരിയായ കരുതലുണ്ടാകണം. പ്രിയ ജനങ്ങൾ മഹാവ്യാധിക്കിരയായതിലുള്ള ഒടുങ്ങാത്ത ദുഃഖത്തിലായ അനവധി കുടുംബങ്ങളുണ്ട്. വീടുകളിലേക്കു ഇനിയും മടങ്ങാനാകാതെ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തകർന്ന മനസോടെ കഴിയുന്നവരും ധാരാളമുണ്ട്. നിറസമൃദ്ധിയോടെ ഓണം ആഘോഷിക്കുമ്പോൾ ഇങ്ങനെയുള്ളവരെക്കൂടി ഓർമ്മിക്കണം. പരിധി വിട്ടുള്ള ആഘോഷങ്ങൾക്ക് ആരും മുതിരരുത്. തോരാക്കണ്ണീരുമായി കഴിയുന്ന കുടുംബങ്ങളോടു കാണിക്കുന്ന നിന്ദയായിരിക്കുമത്.

വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാർക്കും അദ്ധ്യാപകർക്കും തൊഴിലാളി വിഭാഗങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ നാനാവിഭാഗങ്ങൾക്കും ആശ്വാസമെത്തിക്കാൻ സർക്കാർ നടപടി എടുത്തുവെന്നത് അഭിനന്ദനീയമാണ്. പണമായിട്ടും സാധനങ്ങളായിട്ടും ജനങ്ങൾക്ക് ആശ്വാസമേകാൻ ശ്രമമുണ്ടായി. പതിവുപോലെ പൊതുവിപണിയിലെ ചൂഷണത്തിനെതിരെ സാധാരണക്കാരെ സഹായിക്കാൻ ഓണച്ചന്തകൾ തുറന്നതും വലിയ അനുഗ്രഹമായി. കൊവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും വളരെയധികം പേർക്ക് ഗുണം ചെയ്തു.

ഒരുമയുടെ കൂടിച്ചേരലാണ് തിരുവോണത്തിന്റെ മഹത്തായ സന്ദേശം. പുറത്തെ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും വീട്ടിനകത്ത് കുടുംബാംഗങ്ങളുടെ ഒത്തുചേരലിനും ആഹ്ളാദങ്ങൾ പങ്കുവയ്ക്കുന്നതിനും ഒരുവിധ നിയന്ത്രണങ്ങളുമില്ല. സ്നേഹ നിമിഷങ്ങൾ പങ്കിടാൻ മുമ്പത്തെക്കാൾ കൂടുതൽ അവസരം ലഭിക്കുന്നതാണ് ഇത്തവണത്തെ ഓണനാളുകളുടെ മാറ്റുകൂട്ടാൻ പോകുന്നത്. ഏതു പ്രതിസന്ധിയോടും വേഗം ഇണങ്ങാനുള്ള മനുഷ്യന്റെ സ്വതസിദ്ധമായ സ്വഭാവ വിശേഷം ഒരിക്കൽക്കൂടി മാറ്റുരയ്ക്കപ്പെടുകയാണ് ഈ ഓണക്കാലത്ത്.

കാലം ചെല്ലുന്തോറും ഓണം പോലുള്ള ആഘോഷങ്ങളുടെ മാറ്റു കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും മനുഷ്യർ ഉള്ളിടത്തോളം അത് ആഘോഷമായിത്തന്നെ നിലനിൽക്കുമെന്നതു തീർച്ചയാണ്. ശൈലിയും രീതിയുമൊക്കെ മാറിയെന്നു വരാം. ഒരിക്കലും ഇല്ലാതാകില്ല. മലയാളി സമൂഹത്തിന് ഓണസ്മൃതികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനേ ആകില്ല. അത്രമാത്രം മലയാളി മനസിനോടു ചേർന്നു നിൽക്കുന്ന ആഹ്ലാദസ്മരണയാണത്. മുതിർന്നവരുടെയും കുട്ടികളുടെയും മധുരസ്വപ്നങ്ങൾക്ക് ഇക്കുറി വലിയ തോതിൽ മങ്ങലേറ്റിരിക്കുകയാണെങ്കിലും ആഘോഷത്തിന്റെ പുതുവഴി കണ്ടുപിടിച്ച് ഓണനാളുകളെ കൂടുതൽ ദീപ്തമാക്കാൻ ഏവർക്കും സാധിക്കട്ടെ എന്നു പ്രത്യാശിക്കാം. പരീക്ഷണ നാളുകൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതിനെ ദൃഢചിത്തതയോടെ തരണം ചെയ്യുന്നിടത്താണ് മനുഷ്യർ സാമർത്ഥ്യം പ്രകടിപ്പിക്കാറുള്ളത്. ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിക്കു സമാനമായ ഒന്ന് ഇപ്പോൾ ജീവിച്ചിരിപ്പുള്ളവരുടെ ഓർമ്മയിൽ പോലുമില്ല. ആദ്യനാളുകളിലെ ഭയപ്പാട് ഇപ്പോഴില്ല എന്നത് ശ്രദ്ധേയമാണ്. കൊവിഡിനൊപ്പം ദീർഘനാൾ കഴിയേണ്ടിവരുമെന്ന മെഡിക്കൽ വിദഗ്ദ്ധരുടെ ഉപദേശം മുന്നിലുള്ളതിനാൽ വേണ്ടത്ര കരുതലെടുത്ത് ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകാൻ ലോകത്താകമാനമുള്ള ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഈ പ്രയാണത്തിൽ ആഘോഷങ്ങൾക്കും അവധി നൽകേണ്ടതില്ലെന്ന ഗുണപാഠവുമുണ്ട്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളും അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേർത്തുതന്നെ നിറുത്താം. നാനാതരത്തിലുള്ള ജീവിത പ്രയാസങ്ങൾ മാറ്റിവച്ചുകൊണ്ടുതന്നെ ഓണനാളുകൾ സമ്മാനിക്കുന്ന മാധുര്യങ്ങൾ ആസ്വദിക്കാം. ഓണത്തിനു പിന്നിൽ മഹത്തായ ഒരു സന്ദേശമുണ്ട്. അതു കാത്തുസൂക്ഷിക്കുകയും വരും തലമുറയ്ക്ക് പകർന്നുകൊടുക്കുകയും വേണം. നിറഞ്ഞ സമൃദ്ധിയാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. പങ്കപ്പാടുകൾക്കിടയിലും ആവുന്നത്ര സമൃദ്ധിയോടെ ഓണം ആഘോഷിക്കാനൊരുങ്ങുന്ന എല്ലാ മലയാളികൾക്കും ഞങ്ങൾ ആശംസകൾ നേരുന്നു. ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ ഈ ഓണനാളുകൾ.