kaumudy-tv

തിരുവനന്തപുരം: നാട്ടുവേദികളും സദസും ഇല്ലെങ്കിലും ഓണനാളുകൾക്ക് പൊലിമയേകാൻ ഗാനോപഹാരങ്ങൾ ഓൺലൈൻ അരങ്ങിലും ചാനലുകളിലും നിറയുന്നു. നേരിൽ കാണാതെ ഓൺലൈനിൽ കൈകോർത്താണ് പലതും പിറവിയെടുത്തത്.''കരിനീലക്കണ്ണഴകേ നിൻ മിഴിനീരിൻ തുമ്പത്ത് ഓണപ്പാട്ടോടി വരുമ്പോൾ ചിരിതൂകില്ലേ... ''എന്ന ഗാനം പിറവിയെടുത്തത് കേരളകൗമുദി ന്യൂസ് എഡിറ്ററും കവിയുമായ ഡോ. ഇന്ദ്രബാബുവിന്റെ തൂലികയിൽ. സംഗീതം പകർന്നത് പ്രണവം മധു. തുളസിക്കതിർ നുള്ളിയെടുത്ത് ... എന്ന ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ താരമായ കല്യാണിനായരും തുമ്പപ്പൂപോലെ ചിരിച്ച്...എന്ന പാട്ട് സൂപ്പർ ഹിറ്റാക്കിയ ഹരികൃഷ്ണൻ വേണുഗോപാലും ആദ്യമായി ഈ ഗാനത്തിനുവേണ്ടി ഒന്നിച്ചു.

''വാട്സാപ്പിലും ഓണം വന്നേ ...'' എന്ന മറ്റൊരു തകർപ്പൻ ഗാനവുമുണ്ട് കൂട്ടത്തിൽ. അൻവർ സാദത്താണ് പാട്ടുകാരൻ. ഇതിൽ ആദ്യഗാനം കൗമുദി ടി.വിയിൽ ഇന്ന് വൈകിട്ട് 4 ന് സംപ്രേഷണം ചെയ്യും. രണ്ടാം ഗാനം നാളെ വൈകിട്ട് മൂന്നിനാണ്.

വിവിധ ചാനലുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ഒട്ടേറെ ഓണപ്പാട്ടുകൾ വരുന്നുണ്ട്.

ഓണത്തിനായി കെ.എസ്. ചിത്ര പാടുന്ന പാട്ടിലെ വരികൾ ഇങ്ങനെ ''പൂവാലിപ്പൂങ്കുരുവീ പാടി വരൂ....''. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സംഗീതം ഫോർ മ്യൂസിക്.

ഗായിക സിത്താര കൃഷ്ണകുമാർ പ്രണയഗാനവുമായാണ് പ്രത്യക്ഷപ്പെടുന്നത്. ഇ. ജയരാജൻ സംഗീതം പകർന്നു. രചന ഷീബ അമീർ.

ഇംഗ്ളണ്ടിലാണെങ്കിലും എം.ജി. ശ്രീകുമാർ സ്വയം സംഗീതം നൽകി പാടുന്ന പാട്ടിന് കൂട്ടായി വരുന്നത് ഇരുപതോളം കുട്ടികൾ. ''ആയിരത്തിരി പൂത്തിരി കത്തുന്നേ.. '' എന്ന ഗാനം ആലപിക്കാൻ അവിടത്തെയും അമേരിക്കയിലെയും ആസ്ട്രേലിയയിലെയും മലയാളി കുട്ടികളാണ് നിരന്നത്.

മറ്റൊരു ഓണപ്പാട്ടിന്റെ പിറവി മൂന്നു ഭൂഖണ്ഡങ്ങളിലായാണ്.

ഓസ്ട്രേലിയയിലുള്ള അങ്കമാലിക്കാരൻ ഷിബു പോൾ, ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള നൂറനാട്ടുകാരൻ ശ്രീകുമാർ ഇടപ്പോൺ, പത്തനംതിട്ടക്കാരൻ അഭിലാഷ് നാരങ്ങാനം എന്നിവരാണ് ആ പാട്ടിന്റെ അമരക്കാർ.

മനോഹരമായ വരികളും ഇമ്പമാർന്ന ഈണവുമുള്ള പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രം.

-കല്യാണിനായർ

''എന്റെ സംഗീത യാത്രയിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവവും സൗഭാഗ്യവുമാണിത്. ഒരുപാട് സന്തോഷം.

-ഹരികൃഷ്ണൻ വേണുഗോപാൽ

''കൊവിഡ് ഓണം എങ്ങനെ വ്യത്യസ്തമാക്കാം എന്നതിൽ നിന്നാണ് ഓണപ്പാട്ടൊരുങ്ങിയത്.

അഭിലാഷ് നാരങ്ങാനം