വെഞ്ഞാറമൂട്: കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ ഹൗസ് മീറ്റ് എസ്.പി.സി കൊവിഡ്-19 പരിപാടി സംഘടിപ്പിച്ചു. എസ്.പി.സി കെഡറ്റുകളെ ഏരിയാ തലത്തിൽ 10 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോഗ്രൂപ്പും അവരുടെ പ്രദേശത്തെ ഒരു വീട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒത്തുകൂടുകയും ബോധവത്കരണം,ഓൺ ലെെൻ പഠനം, കൗൺസലിംഗ് തുടങ്ങിയവ സംഘടിപ്പിക്കുന്നതുമാണ് ഹൗസ് മീറ്റ് എസ്.പി.സി പരിപാടി. കൊവിഡ് രോഗവ്യാപനത്തെതുടർന്ന് വീട്ടിനകത്ത് കഴിയേണ്ടി വന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു ഹൗസ് മീറ്റ് എസ്.പി.സി.
വെമ്പായം തേക്കട വടക്കേവാരം ഷാജിമുഹമ്മദിന്റെ വസതിയിൽ നടന്ന ചടങ്ങ് വെഞ്ഞാറമൂട് ഇൻസ്പെക്ടർ വി.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ കുട്ടികൾക്കുള്ള ഓണക്കിറ്റുകൾ, ടെലിവിഷൻ എന്നിവ സബ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ വിതരണം ചെയ്തു. ജി.എസ്.ഐ രാജേന്ദ്രൻ നായർ, സി.പി.ഒ സുധീഷ് കുമാർ, ശ്രീപ്രീയ, കല, എസ്.പി.സി ഗ്രൂപ്പ് ലീഡർ സുൽത്താന തുടങ്ങിയവർ പങ്കെടുത്തു.