തിരുവനന്തപുരം : കൊവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് മറ്റൊരു അഭിമാന നിമിഷം. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 110 വയസുകാരി രണ്ടത്താണി വാരിയത്ത് പാത്തു രോഗമുക്തയായി. സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവർ. പത്തു ദിവസത്തെ വിദഗ്ദ്ധ പരിചരണമാണ് മുത്തശ്ശിക്ക് നൽകിയത്.
ഈമാസം 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മക്കളിൽ നിന്ന് പകരുകയായിരുന്നു. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ, ശാന്തമായാണ് പാത്തുമ്മ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
ജില്ലാ കൊവിഡ് നോഡൽ ഓഫീസർ ഡോ.പി.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അഫ്‌സൽ, ആർ.എം.ഒമാരായ ഡോ. ജലീൽ, ഡോ. സഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്ന് പാത്തുമ്മയെ യാത്രയാക്കി.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 105 വയസുകാരി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ 103 വയസുകാരൻ പരീദ് എന്നിവർ നേരത്തേ കൊവിഡ് മുക്തി നേടിയിരുന്നു.
ചക്കക്കൂട്ടാൻ, പാത്തുവിന്റെ ജീവൻടോൺ
മഞ്ചേരി: "ചക്കക്കൂട്ടാനുണ്ടെങ്കിൽ ഉമ്മായ്ക്ക് മറ്റൊന്നും വേണ്ട, ചക്കയാണ് ഉമ്മാന്റെ എനർജി." പാത്തുവിന്റെ ആരോഗ്യ രഹസ്യം ഇളയമരുമകൾ നബീസ വെളിപ്പെടുത്തി.
ആരോഗ്യസംരക്ഷണത്തിനായി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. കുട്ടിക്കാലം മുതലേ പഞ്ചസാര അടുപ്പിക്കാറില്ല. ചായയിലും ചേർക്കുന്നത് ശർക്കര. ഉള്ളത് അൽപ്പം പ്രഷറാണ്. തൊണ്ടയ്ക്ക് ഓപ്പറേഷൻ കഴിഞ്ഞ ശേഷം മൂന്നുനേരവും കഞ്ഞിയാണ് ഭക്ഷണം. ചക്കപ്പുഴുക്കുണ്ടെങ്കിൽ വയറു നിറച്ച് കഴിക്കും. ഭക്ഷണം ഉണ്ടാക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും പരസഹായം വേണ്ട. നബീസയോടൊപ്പം രണ്ടത്താണി മുതുപറമ്പിലെ വീട്ടിലാണ് താമസം. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സഹായത്തിന് നബീസയും ഒപ്പമുണ്ടായിരുന്നു. ഭർത്താവ് മൂസ ഏറെക്കാലം മുമ്പ് മരിച്ചു. എട്ടുമക്കളിൽ രണ്ടു മക്കളും മരിച്ചു.