പൂവാർ: എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെ ഭൂമി വ്യക്തി കൈയേറുന്നതായി പരാതി. പ്രമുഖ വ്യവസായിയായിരുന്ന പരേതനായ എം.വി. മുതലാളി അരുമാനൂർ 826-ാം നമ്പർ ശാഖയ്ക്ക് സംഭാവനയായി നൽകിയതാണ് ഈ ഭൂമി. വ്യക്തി ഭൂമി കൈയേറി വാഴ നട്ടും, പൊതുവഴി വേലി കെട്ടിയടച്ചും മാർഗതടസം സൃഷ്ടിച്ചുമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. പൊതുവഴിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചും വസ്തുവിൽ വലിയ ഷെഡ്ഡ് കെട്ടിയിട്ടുമുണ്ട്. ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് ചിലരുടെ ഒത്താശയോടെയാണെന്നാണ് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നത്. കൈയേറ്റത്തെ ചെറുക്കുന്നതിനും പൊതുവഴി പുനഃസ്ഥാപിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് നാട്ടുകാർ ആവശ്യപ്പെട്ടു.