ആറ്റിങ്ങൽ: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി മൊബൈൽ ഉണ്ണി എന്ന അഖിലിനെ (25) വിഴിഞ്ഞം മുക്കോലയിൽ നിന്ന് പൊലീസ് പിടികൂടി. 2019 മാർച്ചിൽ ചിറയിൻകീഴ് അഴൂർ പെരുങ്ങുഴിയിൽവച്ച് കഴക്കൂട്ടം സ്വദേശി വിഷ്‌ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. മൈസൂരിൽ മെക്കാനിക്കൽ ട്രെയിനിയായി ജോലി നോക്കിയിരുന്ന വിഷ്ണുവിനെ സുഹൃത്തായിരുന്ന രാജ്സൂര്യൻ മുൻ വൈരാഗ്യത്തിന്റെ പേരിൽ പെരുങ്ങുഴി റെയിൽവേ ക്രോസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജ് സംക്രാന്ത്, സുനാജ്, മുഹമ്മദ് ഷാഹിർ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. റൂറൽ എസ്.പി പി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ മോഹനൻ, അജയൻ, ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ബിജുഹക്ക്, സി.പി.ഒമാരായ സുധീർ, അനൂപ്, സുനിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.