മലയിൻകീഴ്: ആഘോഷത്തിന്റെ നിറപ്പൊലിമ വിരിയേണ്ട ശാസ്‌താംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇത്തവണ ആഘോഷങ്ങളില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഇത്തവണ മാറ്റിവച്ചത്. സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്ററിലേറെ ഉയരത്തിൽ 14 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന സമതലപാറയാണ് ശാസ്‌താംപാറ. തിരുവനന്തപുരത്തുനിന്ന് 14 കിലോമീറ്റർ അകലെയാണ് ശാസ്താംപാറ. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരിവിലാഞ്ചി വാർഡിലാണ് ഈ വിനോദകേന്ദ്രം. പ്രതിസന്ധികളെ അതിജീവിച്ചാണ് ശാസ്‌താംപാറയിലെ ടുറിസ്റ്റ് കേന്ദ്രം യാഥാർത്ഥ്യമായത്. പ്രകൃതിഭംഗിയും കുളിർകാറ്റുമെല്ലാം ശാസ്‌താംപാറയെ സുന്ദരമാക്കുന്നു. അഗസ്ത്യമലയിൽ നിന്നുള്ള മലങ്കാറ്റും പടിഞ്ഞാറൻ കടൽക്കാറ്റും ഒരുപോലെ ലഭ്യമാകുന്നതാണ് ഈ വിനോദ കേന്ദ്രം. വിനോദ കേന്ദ്രമാകുന്നതിന് മുമ്പ് ഈ പാറയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ശാസ്‌താക്ഷേത്രത്തിൽ പൂജാരിയും വർഷത്തിലൊരിക്കൽ പൊങ്കാലയിടാനെത്തുന്ന വിശ്വാസികളും മാത്രമാണെത്തിയിരുന്നത്. 2009ൽ ഇടതുസർക്കാർ വിനോദകേന്ദ്രത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അന്ന് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ 2010 ജൂലായ് 13നാണ് നിർവഹിച്ചത്. വിനോദകേന്ദ്രത്തിലെത്താനുള്ള റോഡ് 4.5 കോടി രൂപ വിനിയോഗിച്ച് ഐ.ബി. സതീഷ് എം.എൽ.എ അടുത്തിടെയാണ് നവീകരിച്ചത്.
പുത്തനാക്കിയ ശേഷം തുറക്കും
-----------------------------------------------------------------
നിലവിൽ പൂട്ടിയിട്ടിരിക്കുകയാണെങ്കിലും കൊവിഡ് ഭീതി മാറുന്ന മുറയ്ക്ക് സഞ്ചാരികൾക്ക് എല്ലാവിധ സൗകര്യങ്ങളോടെയും വിനോദകേന്ദ്രം തുറന്നുകൊടുക്കുമെന്ന് വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറും കരിവിലാഞ്ചി വാർഡ് അംഗം ആർ.എസ്. രഞ്ജിതും പറഞ്ഞു
എത്തിച്ചേരാനുള്ള വഴി
--------------------------------------
തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ പേയാട് തച്ചോട്ടുകാവ് മൂങ്ങോട് വഴി ശാസ്‌താംപാറയിലെത്താം. നെയ്യാറ്റിൻകരയിൽ നിന്നാണെങ്കിൽ കിള്ളി - അന്തിയ്യോർക്കോണം - മൂങ്ങോട് വഴിയാണ് നല്ലത്. കാട്ടാക്കടയിൽ നിന്നാണെങ്കിൽ കട്ടക്കോട് - വിളപ്പിൽശാല വഴിയും വരാം. കിഴക്കേക്കോട്ട, തമ്പാനൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നെല്ലാം വിളപ്പിൽശാലയിലേക്ക് ബസ് കിട്ടും. വിളപ്പിൽശാലയിൽ നിന്ന് രണ്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇവിടെനിന്ന് ഓട്ടോ ലഭ്യമാണ്. സ്വന്തമായി വാഹനമുള്ളവർക്ക് പാറയുടെ അടിവാരത്ത് പാർക്കിംഗ് സൗകര്യമുണ്ട്.
കാഴ്ചയുടെ വിരുന്നൊരുക്കി
-------------------------------------
നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇവിടെ നിന്ന് കാണാൻ കഴിയും. പാറയിൽ നിന്നുള്ള സൂര്യാസ്തമയം മനോഹര കാഴ്ചയാണ്. ശംഖുംമുഖം ബീച്ച്, കേരനിരകളാൽ സമ്പന്നമായ വിഴിഞ്ഞം, കോവളം എന്നിവയൊക്കെ
ഇവിടെ നിന്നാൽ കാണാം.