തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ ഇന്ന് ഉത്രാടം. സാധാരണ ഉത്രാടപ്പാച്ചിലിൽ നാടും നഗരവും തിരക്കിലമരുകയാണ് പതിവെങ്കിലും ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണത്തെ വരവേൽക്കുന്നതിനാൽ പതിവ് തിരക്ക് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കടകമ്പോളങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും സാമൂഹിക അകലം പാലിച്ചും നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ആളുകളെത്തുന്നത്. പൂരാട ദിവസമായിരുന്ന ഇന്നലെ മിക്കവാറും നഗരങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും അല്പം ജനത്തിരക്കുണ്ടായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് മൈക്കിലൂടെ നിർദ്ദേശങ്ങൾ നൽകി.
ജോലിക്കായുൾപ്പെടെ നാട് വിട്ട് കഴിയുന്നവരിൽ പലരും ഇപ്പോൾ കഴിയുന്നിടത്ത് തന്നെ ഓണം ആഘോഷിക്കുകയാണ്.
പൊതുസ്ഥലങ്ങളിൽ ഓണാഘോഷമില്ലാത്തതും വീടുകളിൽ തന്നെ കഴിയുന്നതും ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയാണ്. 2018ൽ പ്രളയത്തെതുടർന്ന് ഓണാഘോഷവും ഉത്രാടപ്പാച്ചിലും ഒഴിവാക്കിയിരുന്നു.