plant

പാറശാല: പാറശാലയിലെ ജനങ്ങൾക്ക് കുടിവെള്ളം തടസം കൂടാതെ ലഭ്യമാക്കുക, പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് 11 കോടി ചെലവിൽ വണ്ടിച്ചിറയിൽ പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ പദ്ധതി നടപ്പിലാക്കി രണ്ട് വർഷം പിന്നിടുമ്പോഴും കുടിവെള്ളം പൂർണമായി ശുദ്ധീകരിക്കാതെ പഴയപടി തന്നെയാണ് ജലവിതരണം നടക്കുന്നത്. മുൻപ് ലഭിച്ചിരുന്ന പൈപ്പ് വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശുദ്ധജലം ഉറപ്പ് വരുത്തുന്നതിനായി പുതിയ പ്ലന്റ് സ്ഥാപിച്ചത്. കുടവെള്ളത്തിൽ 5 ശതമാനമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ അളവ് എന്നാൽ പാറശാലയിൽ മുൻപ് ലഭിച്ചിരുന്ന വെള്ളത്തിൽ 100 ശതമാനത്തിലേറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടസങ്ങളില്ലാതെ കുടിവെള്ളം ലഭ്യമാക്കാൻ പൊട്ടിയ പൈപ്പുകളുടെയും മോട്ടറിന്റെയും നവീകരണം,​ ടാങ്കിൽ നിറക്കുന്നതിനായി വെള്ളം കെട്ടിനിറുത്തിയിട്ടുള്ള കുളങ്ങളുടെ ചോർച്ചകൾ ഇല്ലാതാക്കുക,​ കുളങ്ങളുടെ ആഴം കൂട്ടുക തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും പ്ലാന്റിന്റെ നിർമാണത്തോടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിതരണത്തിനായി ആവശ്യമുള്ള ജലം പ്ലാന്റിലൂടെ ലഭ്യമാകാത്തത് കാരണം ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെള്ളം പഴയപടി ഒരേ ടാങ്കിൽ എത്തിച്ചശേഷമാണ് ഇപ്പോഴും വിതരണം നടത്തുന്നത്. കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് നീളെ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ പൈപ്പിലൂടെ തന്നെയാണ് ഇപ്പോഴും വിതരണം തുടരുന്നത്. പുതിയ പൈപ്പിലേക്ക് കണക്‌ഷനുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തത് കാരണം പുതുതായി സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായ നിലയിൽ തന്നെ തുടരുകയാണ്. അടിക്കടിയുള്ള പൈപ്പുപൊട്ടൽ കുടിവെള്ള വിതരണം തടസപ്പെടുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഇതിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോഴും മെയിന്റനൻസിനായി ചെലവാക്കുന്നത്.