mp

നാഗർകോവിൽ: കൊവിഡ് ബാധിച്ച്​ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ച് മരിച്ച തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും കന്യാകുമാരി എം.പിയുമായ വസന്തകുമാറിന്റെ സംസ്കാരം ഇന്ന് ജന്മനാടായ അഗസ്തീശ്വരത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. അഴഗിരി, കന്യാകുമാരി ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെ വെൻറ്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹം വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.

ഇന്നലെ രാവിലെ 9 ന് ചെന്നൈ സത്യമൂർത്തി ഭവനിൽ പൊതു ദർശനത്തിന് വച്ച മൃതദേഹം, രാത്രിയോടെ ആംബുലൻസിൽ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്തിലെ വസന്തകുമാറിന്റെ ജന്മഗൃഹത്തിൽ എത്തിച്ചു.

ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിലാണ് സംസ്‌കാരചടങ്ങുകൾ.

നിലവിൽ തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിംഗ് പ്രസിഡന്റാണ് വസന്തകുമാർ. തമിഴ്നാട്ടിലും കർണാടകത്തിലുമായി 82 ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടി.വി എം.ഡിയുമാണ്.