spc

വിതുര: വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ രണ്ടാംഘട്ട അടുക്കളത്തോട്ട പദ്ധതിക്ക് തുടക്കമായി. വിതുര കൃഷി ഭവനുമായി സഹകരിച്ച് എല്ലാ കേഡറ്റുകൾക്കും പച്ചക്കറി വിത്ത് പായ്ക്കറ്റുകളും തൈകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഒരു ലക്ഷം അടക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് വിതുര സ്കൂളിൽ വിത്തുകളും തൈകളും വിതരണം ചെയ്തത്. ലോക്ക് ഡൗണിൽ വിതുര സ്കൂളിലെ എല്ലാ എസ്.പി.സി കേഡറ്റുകളുടെയും വീട്ടിൽ അടുക്കളത്തോട്ടം തയ്യാറാക്കിയിരുന്നു. കൂടാതെ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ക്യു.ആർ കോഡ് റീ‌ഡർ സംവിധാനമുള്ള ഔഷധത്തോട്ടവും കേഡറ്റുകളും പൊലീസും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് വിത്തുകൾ വിതരണം ചെയ്യുന്നത്. വിതുര കൃഷിഭവൻ,​ പെരിങ്ങമലയിലെ ബനാന നഴ്സറി എന്നിവിടങ്ങളിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്തുകൾ ശേഖരിച്ചത്. വെണ്ട,​ പയർ,​ വഴുതന,​ ചീര,​ പടവലം തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കുട്ടിക്കർഷകർ കൃഷി ചെയ്യുന്നത്. കുട്ടികളുടെ കൃഷിക്ക് മികച്ച വിളവാണ് ഇക്കുറി ലഭിച്ചത്. ഓണവിപണിയിലും ഇവർ വിളവെടുത്ത പച്ചക്കറി ഇടം നേടിയിരുന്നു.