തലശ്ശേരി: ഓടിളക്കി വീടിനുള്ളിൽ കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയും കുട്ടിയും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഉൾപ്പെടെ കവർന്നു. വടക്കുമ്പാട് നിട്ടൂരിലെ ഷബീനാസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. മുകൾ നിലയിലെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുകാരി ഷബീനയുടെ കാലിലെ സ്വർണ്ണപാദസരവും കൈയിലെ ബ്രേസ് ലെറ്റും കൂടെ ഉറങ്ങിക്കിടന്ന കുട്ടിയുടെ ബ്രേസ് ലെറ്റും ഉൾപ്പടെ അഞ്ചര പവന്റെ ആഭരണങ്ങളാണ് കവർന്നത്. തൊട്ടടുത്ത മുറിയിൽ അലമാരയിൽ സൂക്ഷിച്ച 5000 രൂപയും മോഷ്ടിച്ചു.
പുലർച്ചെ 4ന് അലാറം കേട്ട് ഉറക്കമുണർന്നപ്പോഴാണ് കിടപ്പുമുറിയുടെ വാതിലും പുറത്തെ ഗ്രില്ലും തുറന്ന നിലയിലും ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും ഷബീന അറിഞ്ഞത്. കിടപ്പുമുറിയുടെ ടവർ ബോൾട്ട് അടർത്തിയാണ് മോഷ്ടാവ് അകത്ത് കടന്നതത്രെ. എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ധർമ്മടം പൊലീസ് സ്ഥലത്തെത്തി.
മോഷണം നടന്ന വീട്ടിലേക്ക് പോവുന്നതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്ന അജ്ഞാതൻ പൊലീസ് വാഹനത്തിന്റെ മുന്നിൽ നിന്നും ഇരുട്ടിലേക്ക് എടുത്തു ചാടിയെന്നും പറയുന്നു. ഇല്ലിക്കുന്ന് വളവിൽ പൊലീസ് വാഹനം എത്തിയപ്പോഴാണ് വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച ഒരാൾ പെട്ടെന്ന് ഇരുട്ടിലേക്ക് ഉൾവലിഞ്ഞത്. പിറകെ പൊലീസും ഓടിയെങ്കിലും ആളെ പിടികൂടാനായില്ല. വെളുക്കുവോളം തിരച്ചിൽ നടത്തിയിരുന്നു. ധർമ്മടം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി വീട് സന്ദർശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.