തിരുവനന്തപുരം: നാളെ മുപ്പത്തിനാലാമത്തെ ഓണവുമുണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിയും കുടുംബവും ജന്മനാടായ തെലങ്കാനായിലേക്ക് മടങ്ങും. മലയാളിയല്ലെങ്കിലും മലയാളികളായ പല കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥരെക്കാളും ദീർഘകാലം കേരളത്തിൽ തന്നെ ജോലിചെയ്തു വിരമിക്കുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകത സ്വന്തമാക്കിയാണ് മടക്കം.
നിലിവിൽ കേരള റോഡ് സേഫ്ടി അതോറിട്ടി ഡി.ജി.പിയും റോഡ് സേഫ്ടി കമ്മിഷണറുമായ ശങ്കർ റെഡ്ഡി 31നാണ് വിരമിക്കുക.
ഐ.പി.എസ് ലഭിച്ച് കൽപറ്റ എ.എസ്.പിയായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം കേരളത്തിൽ നിന്നു പുറത്തേക്കു മറ്റൊരു തസ്തികയിലേക്കും കേന്ദ്ര ഡപ്യുട്ടേഷനിൽ പോയിട്ടില്ല. ചെന്നൈയിൽ സി.ബി.ഐയുടെ എസ്.പിയായി ഡപ്യൂട്ടേഷനിൽ ക്ഷണിച്ചിട്ടും പോയില്ല.
വിജിലൻസ് ഡയറക്ടർ ആയി വന്നപ്പോഴാണ് ബാർ കോഴക്കേസ് പുനഃരന്വേഷണത്തിനു കോടതി തീരുമാനിക്കുന്നത്. കെ.എം.മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസന്റ് പോൾ നൽകിയ റിപ്പോർട്ട് കോടതിക്കു മുന്നിലുണ്ടായിരുന്നു. പുനഃരന്വേഷ ചുമതല ലഭിച്ച ശങ്കർ റെഡ്ഡി ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ ശാസ്ത്രീയമായി അവലോകനം നടത്തി ബാർ കോഴയിൽ തെളിവില്ലെന്ന റിപ്പോർട്ട് തന്നെ നൽകി.
ഓപ്പറേഷൻ അവിയലും കാളിന്ദിയും
ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ ഓപ്പറേഷൻ അവിയൽ, ഓപ്പറേഷൻ കാളിന്ദി, ഓപ്പറേഷൻ അതിഥി, ഓപ്പറേഷൻ കിക്ക് തുടങ്ങി കിടിലൻ പേരുകൾ നൽകിയാണ് വിജിലൻസ് പരിശോധനകൾ നടത്തിയിരുന്നത്. ഒരു വർഷം ഓണദിനങ്ങൾക്കു തൊട്ടുമുമ്പ് സർക്കാർ ഓഫിസുകളിലെ ഓണപ്പടി പിടിക്കാൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ പേരായിരു്നു 'ഓപ്പറേഷൻ അവിയൽ'. ജല അതോറിറ്റി ഓഫിസുകളിൽ നടന്ന പരിശോധനയാണ് ഓപ്പറേഷൻ കാളിന്ദി, ഗസ്റ്റ് ഹൗസുകളിൽ നടന്നത് 'ഓപ്പറേഷൻ അതിഥി', ഓണത്തിന് 'ഓപ്പറേഷൻ ഓണക്കാഴ്ച', എക്‌സൈസ് ഓഫീസുകളിൽ ഓപ്പറേഷൻ 'കിക്ക്'...