car

പത്തനാപുരം : വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഗ്ലാസുകൾ സമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി. കറവൂർ പെരുന്തോയിൽ രതീഷ് ഭവനിൽ രതീഷിന്റെ ട്രാവലറിന് നേരേയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ മുൻ ഭാഗത്തേയും വശങ്ങളിലുമായുളള ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിലാണ്. വീടിന് മുൻവശത്തായുളള അലിമുക്ക് അച്ചൻകോവിൽ പാതയിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ പ്രദേശവാസികളായ രണ്ട് പേർ ഓട്ടം പോകണമെന്നാവശ്യപ്പെട്ട് രതീഷിന്റെ വീട്ടിലെത്തിയിരുന്നു. വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞതിനാൽ രതീഷ് പോയില്ല. ഓട്ടം പോകാത്തതിലുളള വിരോധമാണന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പത്തനാപുരം പൊലീസിൽ പരാതി നൽകിയതായി രതീഷ് പറഞ്ഞു.