തിരുവനന്തപുരം: കൊവിഡ് ഭീതിയിലായ ഈ ഓണത്തിനും പതിവുപോലെ ഓൺലൈൻ വിപണിയും ഉഷാറാണ്. ഓണക്കോടി മുതൽ സദ്യ വരെ ഓൺലൈനിൽ തയ്യാറാണ്. മൊബൈലിൽ വിരലൊന്ന് അമർത്തിയാൽ മതി, തൂശനിലയും ഇഞ്ചിയും ഉപ്പേരിയും വിവിധതരം പായസവുമൊക്കെയായി സദ്യ വീട്ടിലെത്തും. കൊവിഡ് രൂക്ഷമായ നഗരത്തിൽ ഇക്കുറിയും ഹോട്ടലുകളിൽ നിന്ന് ഓൺലൈൻവഴി സദ്യ വീട്ടിലെത്തിക്കുന്നവരുടെ എണ്ണവും വർദ്ധിക്കും. ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന ഓൺലൈൻ സംവിധാനം നഗരത്തിൽ ഇപ്പോൾ കൂടുതലാണ്. ഇഷ്ടമുള്ള ഹോട്ടലിൽ നിന്ന് ഓണസദ്യ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. പല ഹോട്ടലുകളും ഇപ്പോഴേ ബുക്കിംഗ് തുടങ്ങി. തിരുവോണത്തിന് മാത്രമല്ല, അതിനുമുമ്പും ശേഷവുമൊക്കെ ഓൺലൈൻ വഴി സദ്യ വീട്ടിലെത്തിച്ച് കഴിക്കാനുള്ള സൗകര്യവുമുണ്ടാകും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് നഗരത്തിൽ ഇത്തവണ ഓൺലൈൻ ഡെലിവറി നടത്തുന്നത്.
ഓണസദ്യ 150 മുതൽ
----------------------------------
150 രൂപ മുതൽ തുടങ്ങുന്ന ഓണസദ്യയുണ്ട്. നാലുപേർക്കുള്ള സദ്യയ്ക്ക് 1400 രൂപയും ആറുപേർക്കുള്ളതിന് 2200 രൂപ എന്ന നിരക്കിലും നഗരത്തിലെ ഹോട്ടലുകളിൽ ലഭ്യമാണ്. പാലടപ്പായസം, പരിപ്പ് പ്രഥമൻ, ഗോതമ്പ് പ്രഥമൻ എന്നിവ വെവ്വേറെയും കിട്ടും. 200 രൂപ മുതൽ 450 രൂപ വരെയാണ് നഗരത്തിലെ പ്രധാന ഹോട്ടലുകളുടെ വില. ഉപ്പേരി,ശർക്കര വരട്ടി, അച്ചാർ, പുളിശ്ശേരി, കാളൻ, ഓലൻ, പച്ചടി, പരിപ്പ് , കറി, ചോറ്, സാമ്പാർ അവിയൽ, മോര്, പപ്പടം ,കിച്ചടി, രസം, കൂട്ടുകറി,നെയ്യ്, തോരൻ, പഴം പായസം, എന്നീ വിഭവങ്ങളാണ് സാധാരണ ഓണസദ്യയിലുള്ളത്. വിഭവങ്ങൾ കൂടുന്നതനുസരിച്ച് സദ്യയുടെ വിലയും വർദ്ധിക്കും.