ശിവഗിരി: ശിവഗിരിമഠത്തിൽ ഗുരുദേവ ജയന്തിക്കുശേഷം സെപ്തംബർ 3 മുതൽ ഭക്തജനങ്ങൾക്ക് ദർശനത്തിന് ഇളവുകൾ അനുവദിക്കും. ഒരു ദിവസം നൂറ് പേർക്ക് മുൻകൂർ ബുക്ക് ചെയ്ത് തൊഴുത് മടങ്ങാം. എത്തുന്ന ഭക്തജനങ്ങളുടെ പേരും മേൽവിലാസവും വയസും പരിഗണിച്ച് മഠത്തിൽ നിന്നും നൽകുന്ന സമയക്രമമനുസരിച്ചാകും ദർശനം. ഹോമവും മറ്റു പൂജകളും സാമൂഹിക അകലം പാലിച്ച് നടത്തും. പത്ത് പേരെ പങ്കെടുപ്പിച്ചുകൊണ്ടുളള വിവാഹവും നടത്താൻ അനുവാദമുണ്ടാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ കൂടിയ ബോർഡ് യോഗത്തിലാണ് ഈ തീരുമാനങ്ങൾ. മുൻകൂർ ബുക്കിംഗിന് ഫോൺ: 9447271648, 8089477686. ഗുരുദേവ ജയന്തി പ്രമാണിച്ച് സെപ്തംബർ 2ന് രാവിലെ 6.15 മുതൽ 7 വരെ മഹാസമാധി മന്ദിരത്തിൽ പ്രത്യേക ഗുരുപൂജ, 7.30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും, 8 ന് ജയന്തി മുതൽ മഹാസമാധി ദിനം വരെ നടത്തുന്ന ജപയജ്ഞം വൈദികമഠത്തിൽ ആരംഭിക്കും, 10 ന് യജ്ഞശാലയിൽ വിശേഷാൽ ഹോമം, വൈകിട്ട് 5.30ന് ഗുരുദേവ റിക്ഷ മഹാസമാധി മന്ദിരത്തിന് പ്രദക്ഷിണം വയ്ക്കും. 6.30ന് വിശേഷാൽപൂജ, ആരതി, സമൂഹപ്രാർത്ഥനാസമർപ്പണം എന്നിവയും ഉണ്ടായിരിക്കുമെന്ന് ധർംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.