തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും തെളിവുകൾ നശിപ്പിക്കാനും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ശത്രുക്കളെപ്പോലെ പെരുമാറുമെങ്കിലും സി.പി.എമ്മും ബി.ജെ.പിയും ആവശ്യമുള്ളപ്പോഴൊക്കെ കൂട്ടുകക്ഷികളാണ്.
ബി.ജെ.പി ചാനലായ ജനം ടി.വിയുടെ കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ കേസ് തുടക്കത്തിലേ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. പകരമായി ചോദിച്ചത് പാർട്ടിക്ക് കോൺസുലേറ്റിന്റെ സഹായമാണ്. നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണക്കടത്ത് നടന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേരത്തേ പറഞ്ഞത് ഇതിനോട് ചേർത്തുവായിക്കണം. സി.പി.എമ്മിന്റെ കൈരളി ടി.വി മേധാവി ജോൺ ബ്രിട്ടാസാണ് സ്വപ്ന വാങ്ങിയ കമ്മിഷന്റെ കണക്ക് കൃത്യമായി വെളിപ്പെടുത്തിയത്. അത് നേരത്തേ അറിയാമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്.
മന്ത്രി ബാലൻ മാപ്പ് പറയണം
മുഖ്യമന്ത്രിയെയോ സർക്കാരിനെയോ വിമർശിച്ച് വാർത്ത നൽകിയാൽ പരാതി നൽകുമെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി എ.കെ. ബാലൻ മാപ്പ് പറയണം. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇടതുമുന്നണി പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതായിരുന്നോ നയം?
സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ ഇപ്പോഴത്തെ അന്വേഷണം ഫലപ്രദമല്ലാത്തതിനാലാണ് എൻ.ഐ.എയുടെ അന്വേഷണമാവശ്യപ്പെടുന്നത്. തെളിവ് നശിപ്പിക്കൽ തുടരുകയാണ്. തീപ്പിടിത്തത്തിന്റെ ലക്ഷ്യം തെളിവുനശിപ്പിക്കൽ തന്നെയാണ്. മന്ത്രി ബാലൻ തനിക്കെതിരെ കേസെടുക്കട്ടെ. മാഹി പാലം തകർന്ന സംഭവത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നൽകും. സെപ്റ്റംബർ 3ന് ചേരുന്ന യു.ഡി.എഫ് സർക്കാരിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകും.
പി.എസ്.സി ചെയർമാൻ കോടതിയാവരുത്
രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പി.എസ്.സി ചെയർമാൻ കാണിക്കുന്നത്. വിമർശിച്ചാൽ ജോലി കിട്ടില്ലെന്ന് പറയുന്നത് ഭീഷണിപ്പെടുത്തലാണ്. സ്വയം കോടതിയാകാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.