aug29b

ആറ്റിങ്ങൽ: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ ഊരൂപൊയ്‌ക കട്ടയിൽക്കോണം ആർ.എസ് നിവാസിൽ കണ്ണപ്പൻ എന്ന രതീഷും (34),​ കൂട്ടാളി വാമനപുരം പേടികുളം ഊറ്റുകുളങ്ങറ ലക്ഷംവീട് കോളനിയിൽ മത്തായി എന്ന ബാബുവും (59)​ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം നഗരൂർ വഞ്ചിയൂരിൽ രാജേന്ദ്രന്റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് 17 പവനും 1,25 ലക്ഷം രൂപയും മോഷ്ടിച്ച് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് തൊണ്ടിമുതൽ ഉൾപ്പെടെ രതീഷിനെ പിടികൂടിയത്. സ്വർണവും പണവും അടിവസ്‌ത്രത്തിലും ഇരുചക്രവാഹനത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളിൽ നിന്ന് 50,​000 രൂപ കണ്ടെത്തി. രാവിലെ 9ന് ബന്ധുവീട്ടിൽ ഒരു ചടങ്ങിനായി രാജേന്ദ്രനും കുടുംബവും പോയപ്പോഴായിരുന്നു മോഷണം. അവനവഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച മൂന്ന് പവനും പൊലീസ് കണ്ടെടുത്തു. കാൽ നടയായും ഇരുചക്രവാഹനങ്ങളിലും കറങ്ങി നടന്ന് പുറത്ത് നിന്ന് പൂട്ടിയ ഗേറ്റുള്ള വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പത്ത് വർഷത്തിലേറെയായി ഇത്തരത്തിൽ നൂറോളം മോഷണക്കേസുകളാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. കിളിമാനൂർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്, കൊല്ലം കടയ്ക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 540 പവൻ കവർന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട്ടിൽ മോഷണം നടത്തിയശേഷം വിമാനമാർഗമാണ് ഗോവയിലേക്ക് രക്ഷപ്പെട്ട ഇയാളെ അവിടെയെത്തിയാണ് പൊലീസ് പിടികൂടിയത്. കടയ്ക്കാവൂരിലെ പ്രവാസിയുടെ വീട്ടിൽ നിന്നും മോഷണം ചെയ്‌ത സ്വർണം ഇയാളുടെ ബന്ധുവിന്റെ കുഴിമാടത്തിൽ ഒളിപ്പിച്ചതും കണ്ടെത്തിയിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളോടൊപ്പം പിടിയിലായ ബാബു. സ്വർണം പണയംവയ്‌ക്കുന്നതും വില്പന നടത്തുന്നതും ബാബുവിന്റെ നേതൃത്വത്തിലാണ്. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, നഗരൂർ എസ്.ഐ എം. സഹിൽ, ആറ്റിങ്ങൽ എസ്.ഐ എസ്. സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.