tharoor

 ക്ഷമ ചോദിച്ച് കൊടിക്കുന്നിൽ

 പരസ്യപ്രസ്താവന വിലക്കി മുല്ലപ്പള്ളി

തിരുവനന്തപുരം: സോണിയാഗാന്ധിയുടെ മാറ്റമാവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കത്തു നൽകിയ സംഘത്തിലുള്ള ഡോ. ശശിതരൂരിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പാർട്ടിയിലെ യുവനിര ചെറുത്തതോടെ കെ.പി.സി.സി നേതൃത്വത്തിന് തലവേദനയായി. ചേരി തിരിഞ്ഞ് ആക്രമണത്തിലേക്കു പോയി കാര്യങ്ങൾ കൈവിടുമെന്നു കണ്ട് വിഷയം തണുപ്പിക്കാൻ നേതൃത്വം ശ്രമവുമാരംഭിച്ചു.

തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റെന്നു വിശേഷിപ്പിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഇന്നലെ ക്ഷമ ചോദിച്ചത് പാർട്ടിയിൽ തരൂരിനനുകൂലമായി ഉയരുന്ന വികാരങ്ങൾ മനസ്സിലാക്കിയുള്ള ചുവടുമാറ്റമെന്നാണ് സൂചന.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ തരൂരിനെ ആദ്യം ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചെങ്കിലും കൊടിക്കുന്നിൽ പരസ്യമായി കുറ്റപ്പെടുത്തിയതോടെയാണ് യുവാക്കളുടെ എതിർ ചേരി രൂപപ്പെട്ടത്. തരൂരിനെ അനുകൂലിച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ എത്തിയതോടെ വിവാദത്തിന്റെ നിറം മാറി. കൂട്ടക്കുഴപ്പത്തിലേക്ക് പോകുമെന്നായതോടെ പരസ്യപ്രസ്താവന വിലക്കി ഇന്നലെ രാവിലെ കെ.പി.സി.സി പ്രസിഡന്റ് വാർത്താക്കുറിപ്പിറക്കുകയും ചെയ്തു.

സമ്പൂർണ അഴിച്ചുപണിയാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് നൽകിയ കത്തിൽ കേരളത്തിൽ നിന്ന് ശശി തരൂരും പി.ജെ. കുര്യനുമാണ് ഒപ്പിട്ടത്. 25ന് ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തരൂരിനെതിരെ വിമർശനമുണ്ടായി. കുര്യൻ തന്റെ വാദം വിശദീകരിച്ചതോടെ അദ്ദേഹത്തെ രാഷ്ട്രീയകാര്യസമിതി ന്യായീകരിക്കുകയും ചെയ്തു. പിന്നീട് വാർത്താസമ്മേളനത്തിലും മുല്ലപ്പള്ളി തരൂരിനെ വിമർശിച്ചു. പിന്നാലെയാണ് കെ. മുരളീധരനും കൊടിക്കുന്നിലും തരൂരിനെതിരെ രംഗത്തിറങ്ങിയത്. അതേസമയം, വിഷയത്തിൽ രമേശ് ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ ഒന്നും മിണ്ടിയിട്ടില്ല.

സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി നിൽക്കുന്ന ഘട്ടത്തിൽ പാർട്ടിക്കകത്തൊരു വിവാദം ഗുണകരമാകില്ലെന്ന് നേതൃത്വം മനസ്സിലാക്കുന്നു. കൊവിഡ് പ്രവർത്തനങ്ങളിൽ സർക്കാരുമായി സഹകരിച്ചത് തരൂരിനെ സംസ്ഥാന പാർട്ടി നേതൃത്വത്തിന് അനഭിമതനാക്കിയെന്ന അഭിപ്രായം തരൂർ അനുകൂലികൾക്കുണ്ട്. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനത്തെ തരൂർ പ്രശംസിച്ചത് വിവാദമായിരുന്നു.

അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ല:

കൊടിക്കുന്നിൽ

തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നേതൃത്വത്തിനെതിരെ കത്ത് നൽകിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. തരൂരിന്റെ കഴിവുകളെ കുറച്ചുകാട്ടാനും ശ്രമിച്ചിട്ടില്ല. പരാമർശത്തിൽ വിഷമമുണ്ടായെങ്കിൽ പാർട്ടി താത്പര്യം മുൻനിറുത്തി ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ,​ നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിന് കത്തയച്ചതിലുള്ള വിയോജിപ്പ് തുടരും.