മുടപുരം: ഖത്തറിൽ നിന്നു നാട്ടിലെത്തി ക്വാറന്റൈനിലായിരുന്ന പ്രവാസിയുടെ വീടിന് തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം നൈനാംകോണം റോഡിൽ സലീനാ മൻസിലിൽ സൈനുദീന്റെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള വിറകുപുരയിൽ നിന്നാണ് തീ കെട്ടിടത്തിലേക്ക് പടർന്നത്. ഇതുമൂലം മൂന്ന് പാളികളുള്ള ജനാലയുടെ ഗ്ലാസുകൾ പൊട്ടി. ചുവരിനും പൊട്ടലുകളുണ്ടായി. ഓടിട്ട വീടിന്റെ മേൽക്കൂരയിലേക്ക് തീ പടർന്ന് കഴുക്കോലിനും മറ്റും കേടുപാടുണ്ടാക്കി. വിറക് പുരയിൽ ഉണ്ടായിരുന്ന വിറകുകളും ഭാഗീകമായി കത്തി നശിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്നു ഫയർഫോഴ്‌സ് സംഘവും എത്തിയിരുന്നു. പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. സൈനുദ്ദീൻ ക്വാറന്റൈനിലായതിനാൽ മറ്റു കുടുംബാംഗങ്ങൾ വേറൊരു വീട്ടിലായിരുന്നു താമസം.