നെടുമ്പാശേരി: കുറുമശേരിയിലെ ആദ്യകാല ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശിനെ (54) കൊലപ്പെടുത്തിയ കേസിൽ കുറുമശേരി പള്ളിയറക്കൽ വീട്ടിൽ കണ്ണൻ സ്രാങ്ക് എന്ന് വിളിക്കുന്ന വിനേഷിനെ (39) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്ന ജയപ്രകാശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ സൗമേഷ് (33), അനിൽ (43) എന്നിവർക്ക് കേസിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായതായി സി.ഐ ടി.കെ. ജോസി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: കൊലചെയപ്പെട്ട ജയപ്രകാശ് വീട്ടിൽ സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോൾ പ്രതി സ്ഥലത്തെത്തി. ജയപ്രകാശിന്റെ സുഹൃത്തുക്കൾ പ്രതിയെ മദ്യപാന കമ്പനിയിൽ കൂട്ടാതെ പുറത്താക്കി. ഇതിന്റെ പേരിൽ വഴക്കുണ്ടായിട്ടും ജയപ്രകാശ് വിഷയത്തിൽ ഇടപെടാതെ നിശബ്ദത പാലിച്ചതിൽ പ്രകോപിതനായ പ്രതി ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. കോടാലിക്കൈ ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. വീണ്ടും മദ്യംവാങ്ങാൻപോയി തിരിച്ചെത്തിയപ്പോൾ ജയപ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടുഭയന്ന സുഹൃത്തുക്കൾ സ്വന്തം വീട്ടിലേക്ക് പോയി.
അടുത്തദിവസം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരും മദ്യലഹരിയിൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഇന്നലെ രാവിലെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവം തുറന്നുപറഞ്ഞത്. തുടർന്നാണ് വിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജയപ്രകാശ് കൊലപാതകക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ചെങ്ങമനാട് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളുമാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ചെങ്ങമനാട് സ്റ്റേഷനിൽ പുതിയ കേസുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് കൊവിഡ് ടെസ്റ്റിന് ശേഷം ആലുവ കോടതിയിൽ ഹാജരാക്കും. സി.ഐക്ക് പുറമെ എസ്.ഐ രഗീഷ് കുമാർ, എ.എസ്.ഐ ഷാജി, സിനിമോൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം തോട്ടക്കാട്ടുകര ശ്മശാനത്തിൽ സംസ്കരിക്കും.