കോവളം: സംസ്ഥാനത്തെ രണ്ടാമത്തേതും തിരുവനന്തപുരം നഗരത്തിലെ ശുദ്ധജലതടാകവുമായ വെളളായണിക്കായലിനെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കുന്നു. വെങ്ങാനൂർ, കല്ലിയൂർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട കായലിന് 450 ഏക്കർ വിസ്തൃതിയുണ്ട്. വംശനാശ ഭീഷണിനേരിടുന്ന ദേശാടന പക്ഷിവർഗങ്ങളുടെയും നാടൻ മീനുകളുടെയും അപൂർവ സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് വെള്ളായണിക്കായലും പരിസരവും. ഇവയെ സംരക്ഷിക്കുന്നതിനും വെള്ളം മലിനമാകാതെ എക്കാലവും നിലനിറുത്തുന്നതിനുമാണ് വെള്ളായണിക്കായലിനെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ദേശീയ ജൈവ വൈവിധ്യ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ വിവിധ വിഭാഗത്തിലുളള വിദ്ഗ്ദ്ധസംഘമെത്തി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ഇനി കായലിന്റെ ചരിത്രം, കായലുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവർത്തനങ്ങൾ,
കായലിന്റെ ഇപ്പോഴത്തെ വിസ്തൃതി, തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രം എന്നിവയുടെ വിവരശേഖരണവും നടത്തും. വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകളിലൂടെയാണ് കായൽ കടന്നുപോകുന്നത്. അതിനാൽ ബോർഡ് തയ്യാറാക്കിയ വിശദറിപ്പോർട്ട് ഈ രണ്ട് പഞ്ചായത്തിലെയും
ജൈവ വൈവിധ്യ പരിപാലന സമിതിക്ക് സമർപ്പിക്കും. ഇതിന്‌ശേഷമാകും സർക്കാർ വെള്ളായണിക്കായലിനെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുക.
ജൈവ വൈവിധ്യം നിറഞ്ഞ വെള്ളായണിക്കായൽ
ജൈവവൈവിധ്യത്താൽ സമ്പുഷ്ടമാണ് വെള്ളായണിക്കായൽ. 182 ഇനം സസ്യങ്ങൾ,152 ഇനം പക്ഷികൾ, 42 ഇനം മീനുകൾ, ആറിനം ഉഭയജീവികൾ, 9 ഇനം ഉരഗങ്ങൾ,10 ഇനം സസ്തനികൾ, 60 ഇനം ചിത്രശലഭങ്ങൾ, 25 ഇനം തുമ്പികൾ, കായലിലും കരയിലുമായി 20 ഇനം പ്രാണികൾ,18 ഇനം കാർഷിക വിളകളുമാണ് വെളളായണി കായലിലും ചുറ്റുമുളള പ്രദേശങ്ങളിലും കാണുന്നത്. രുചിയേറിയ നാട്ടുമീനുകളുടെ അപൂർവ കലവറയാണ്. വെള്ളായണിക്കായൽ. തിലോപ്പിയ, ആറ്റുവാള, കൊഞ്ച്, പള്ളത്തി, കരിമീൻ, വരാൽ, ചേറ്, കൈലി, കോരളം, നെത്തോലി, നെടുമീൻ അടക്കമുളള 42തരം മീനുകൾ ഇവിടെ ആവാസമാക്കിയിട്ടുണ്ട്. തണ്ണീർത്തടമായ ഇവിടെ ദേശാടനക്കിളികളടക്കം 152 ഇനം പക്ഷികളാണ് കാണപ്പെടുക. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴി, വലിപ്പമുളള കൊക്കുകളുടെ വിഭാഗത്തിലുളള വർണ്ണകൊക്ക്, വെളളനിറത്തിലുളള ഐബീസ്, കരിവാരക്കുരുവി എന്നിവയും ഇവിടെ ആവാസമാക്കിയിട്ടുണ്ട്. വെള്ളായണിക്കായലിന്റെ പുഞ്ചക്കരിഭാഗത്താണ് ദേശാടന പക്ഷികളും വിവിധയിനം നാട്ടുപക്ഷികളും കാണപ്പെടുന്നത്. തണ്ണീർത്തടമായതിനാൽ ഇവിടെ ആവാസമാക്കിയിട്ടുളളവയിലേറെയും നീർപക്ഷികളാണ്. യൂറോപ്പ്, സൈബീരിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാലൻ എരണ്ട, വരി എരണ്ട, ചൂളൻ എരണ്ട, നീർക്കാടകൾ, പുളളിത്താറാവ് എന്നിവയും ഇവിടെ എത്താറുണ്ട്.