kudumbasree

കൊച്ചി: ഓണമത്സരങ്ങളെല്ലാം കഴിഞ്ഞു. വിജയിയെയും പ്രഖ്യാപിച്ചു. പക്ഷെ സമ്മാനം ഏറ്റുവാങ്ങാൻ കുടുംബശ്രീ കൂട്ടായ്‌മകൾ ഇനിയും കാത്തിരിക്കണം. കൊവിഡ് ഭീതി ഒഴിയും വരെ. മത്സരങ്ങൾ ഓൺലൈൻ വഴി നടത്തിയാണ് ഓണത്തെ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ വരവേറ്റത്. പരിമിതികളിൽ നിന്ന് ഹൈടെക് ഓണാഘോഷമായിരുന്നു കുടുംബശ്രീ പ്രവർത്തകർക്ക്. മത്സരയിനങ്ങൾ ഒന്നും കുറച്ചില്ല. ആർപ്പുവിളികളും ആരവവുമെല്ലാം നഷ്ടപ്പെട്ടത്തിന്റെ വിഷമത്തിലാണ് അംഗങ്ങളെല്ലാം.എറണാകുളം ജില്ലാ മിഷൻ സി.ഡി.എസുകളുടെയും ജെൻഡർ റിസോഴ്സ് സെന്ററുകളുടെയും സഹകരണത്തോടെയാണ് ഓൺലൈൻ ഓണമത്സരങ്ങൾ സംഘടിപ്പിച്ചത്. ഓണപ്പൂക്കളം, സുന്ദരിക്ക് പൊട്ടുകുത്തൽ, റൊട്ടി കടി, ആനയ്ക്ക് വാൽ വരയ്ക്കൽ, പുലികളി, ഉറിയടി തുടങ്ങിയ മത്സരങ്ങളാണ് ഓൺലൈൻ സങ്കേതത്തിലൂടെ നടന്നത്.

ആറു ദിവസം മത്സരങ്ങൾ

മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ പ്രത്യേകം ലിങ്ക് തയ്യാറാക്കി വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ ഇട്ടു കൊടുത്തു. അത്തം മുതൽ തൃക്കേട്ട വരെ ആറ് ദിവസങ്ങളിലായിരുന്നു മത്സരങ്ങൾ. ആറാം ദിവസം പൂക്കള മത്സരത്തോടെ സമാപിച്ചു. എല്ലാ കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്നും സമ്പൂർണ സഹകരണമാണ് ലഭിച്ചതെന്ന് സി.ഡി.എസ് ഭാരവാഹികൾ പറഞ്ഞു. മത്സര പരിപാടികളുടെ സമ്മാനങ്ങൾ പൂർണമായ കൊവിഡ് അൺലോക്കിന് ശേഷം വിതരണം ചെയ്യും.

ആവേശം ഇത്തിരി കുറഞ്ഞു

"എല്ലാവരും ഒത്തുകൂടിയുള്ള മത്സരത്തിന്റെ പ്രതീതി ഇല്ലെങ്കിലും ഒന്നും ഒഴിവാക്കിയില്ലല്ലോ എന്ന സന്തോഷമുണ്ട്. നല്ല രീതിയിൽ തന്നെ എല്ലാവരും പങ്കെടുത്തിട്ടുണ്ട്. "

സുമ കൃഷണൻ

കുടുംബശ്രീ പ്രവർത്തക