എന്തോ വിഭ്രാന്തി ബാധിച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയോ ബി.ജെ.പിയെയോ പറയേണ്ട ഘട്ടം വരുമ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മൃദുത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളും പിടലിക്ക് വയ്ക്കാൻ പ്രതിപക്ഷ നേതാവ് നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാഹി പാലം തകർന്നത് സംസ്ഥാനത്തിന്റെ വീഴ്ച കൊണ്ടാണെന്ന ആക്ഷേപത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച ബി.ജെ.പിയോട് ആര് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതിനെപ്പറ്റിയാണ്. അതിൽ രമേശ് ചെന്നിത്തലയുടെ പക്ഷമേത് എന്ന് തീരുമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ സമീപനം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം വൈകാൻ തടസ്സമായി നിന്നത് ഒരു റെയിൽവേ മേല്പാലമായിരുന്നുവെന്നത് ആ ജില്ലക്കാരനായ പ്രതിപക്ഷനേതാവിന് അറിഞ്ഞുകൂടെ. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനക്കഥ മറന്നുപോയോ. ദേശീയപാതയെപ്പറ്റി സാമാന്യജ്ഞാനമില്ലാത്തത് കൊണ്ടല്ല ഇത്തരം കാര്യങ്ങൾ അദ്ദേഹം പറയുന്നത്. ഒന്നേ പറയാനുള്ളൂ, സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കാൻ വരരുത്.
കേരളം അഭിമാനമായി കാണുന്നതാണ് ദേശീയപാതാ വികസനം. ഇതിനായി കേന്ദ്രത്തിൽ ഇടപെടൽ നടത്തേണ്ടത് സംസ്ഥാനത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അപ്പോഴാണ് ഭൂമിയേറ്റെടുക്കൽ പണത്തിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന നില വന്നത്. സംസ്ഥാനം അതിനു തയാറയി. സംസ്ഥാനം ചെയ്യുന്നത് ഭൂമി ഏറ്റെടുക്കലാണ്. യു.ഡി.എഫിന്റെ കാലത്ത് അതു ചെയ്യാത്തതിനാലാണ് ദേശീയപാതാ വികസനം തീരെ നടക്കാതെ പോയത്.
ഭൂമിയേറ്റെടുക്കുന്നതിന് സഹകരിച്ചില്ലെങ്കിൽ ആ ഒറ്റപ്രശ്നത്തിൽ കുരുങ്ങി അനിശ്ചിതമായി പദ്ധതി നീളാതിരിക്കാനാണ് സംസ്ഥാനം ഇടപെട്ട് യാഥാർത്ഥ്യത്തിലേക്ക് നയിച്ചത്. എല്ലാ പ്രവൃത്തിയും ദേശീയപാതാ അതോറിട്ടിയാണ് നടത്തുന്നത്. നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് നിർവഹിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഞാനും കേന്ദ്രസഹമന്ത്രി വി. മുരളീധരനും യോഗത്തിലുണ്ടായിരുന്നു. ഇത്തരം ഭരണനടപടി അറിയാത്തയാളല്ല പ്രതിപക്ഷനേതാവ്. ഒന്നിലേറെ തവണ മന്ത്രിയായിരുന്നയാളാണദ്ദേഹം. അപ്പോൾ എന്തോ വിഭ്രാന്തിയുണ്ട്? അതിന്റെ ഭാഗമായി എന്തെല്ലാമോ പറയുകയാണ്. ആളുകൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.