തിരുവനന്തപുരം: ജി.എസ്.ടി നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകേണ്ട 2.35 ലക്ഷം കോടി രൂപ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാരും ജി.എസ്.ടി കൗൺസിലും തീരുമാനിച്ചത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി തകർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.കേന്ദ്ര ഗവൺമെന്റ് നിലപാട് തിരുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ഏപ്രിൽ മുതൽ ജൂലായ് 31 വരെയുള്ള നാലു മാസം 7,100 കോടി രൂപയോളം കേരളത്തിന് ലഭിക്കേണ്ടതാണ്. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള വിഹിതം കണക്കാക്കിയാൽ 9,000 കോടി രൂപ വരും. 2020ലെ കുടിശിക മാത്രം 16,000 കോടി രൂപയിലധികമാകും. ശമ്പളം ഉൾപ്പെടെയുള്ള നിത്യ ചെലവുകൾക്ക് പണമില്ലാതാവും.
കടമെടുത്ത് ചെലവ് നടത്തണമെന്നാണ് കേന്ദ്രം നിർദ്ദേശിക്കുന്നത്. പ്രളയം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി ഇപ്പോൾ കൊവിഡ് മഹാമാരി കൂടി നേരിടേണ്ടി വന്ന സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.