തിരുവനന്തപുരം: അസാധാരണമായ സാഹചര്യത്തിലാണ് തിരുവോണം കടന്നുവരുന്നതെന്നും ഒത്തുചേരലുകൾ ഓൺലൈനിലൂടെ ആകുന്നതാണു നല്ലതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസദ്യയും കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും പൂർണമായും ഒഴിവാക്കണം.
ഷോപ്പിംഗിന് പോകുമ്പോൾ കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുത്. ഒരു വീട്ടിൽ നിന്ന് ഒന്നോ,രണ്ടോ പേർ മാത്രം പോകുന്നതാണ് നല്ലത്. തിരക്കു കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ചില കടക്കാർ സ്വീകരിക്കാറുണ്ട്. അത് വായുസഞ്ചാരം കുറയുകയും രോഗം പടരാനുളള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാൽ അത് ചെയ്യരുത്. തുണിക്കടകളിൽ വസ്ത്രങ്ങൾ ധരിച്ച് നോക്കുന്ന രീതി ഒഴിവാക്കണം. കൊവിഡ് വ്യവസ്ഥകൾ പാലിച്ച് പരിമിതികൾക്കുളളിൽ നിന്നുകൊണ്ട് ഓണം ആഘോഷിക്കണം. മലയാളികൾക്ക് ഓണാശംസകളും മുഖ്യമന്ത്രി നേർന്നു.