തിരുവനന്തപുരം: സെക്രട്ടേറിയറ്രിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ദിവസങ്ങൾക്കുമുമ്പ് ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ സംശയകരമായി ഒന്നുമില്ലെന്നാണ് പൊലിസ് പറയുന്നത്. തീപിടിച്ച ഓഫീസിൽ സി.സി.ടി.വി കാമറയില്ല. ഓഫീസിലേക്കുള്ള ഇടനാഴിയിലെ കാമറയാണ് പരിശോധിച്ചത്. തീപിടിച്ച മുറി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും അണുനശീകരണത്തിന് ശേഷം അടച്ച ഓഫീസിൽ ആരും എത്തിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഫയർഫോഴ്സാണ് ആദ്യം എത്തിയതത്രെ.
എന്നാൽ, അസി. പ്രോട്ടോക്കോൾ ഓഫീസർ രാജീവനടക്കം ക്വാറന്റൈനിൽ പോയ ചില ജീവനക്കാർ അവിടെ ഉണ്ടായിരുന്നുവെന്ന് ആരോപണം ഉണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ പേരുടെ മൊഴിയെടുക്കും. കത്തിയ ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സർക്കാർ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഭാഗികമായി കത്തിയ ഫയലുകൾ സ്കാൻ ചെയ്തു സൂക്ഷിക്കും.